ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇടപെടാന്‍ പ്രവാസി സമൂഹങ്ങള്‍ക്ക് ലഭിച്ച അവസരം പാഴാക്കരുത്: സലാം കന്യപ്പാടികാസര്‍കോട്: നവംബര്‍ 06.2018. ദുബൈ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇടപെടാന്‍ പ്രവാസി സമൂഹങ്ങള്‍ക്ക് ലഭിച്ച വലിയ ഒരു അവസരമാണ് പ്രവാസി വോട്ട് എന്നും വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങളിലൂടെ നാം നേടിയെടുത്ത ഈ അവകാശം നമ്മുടെ അലംഭാവം കൊണ്ട് നഷ്ടപ്പെടാന്‍ ഇട വരുത്തരുതെന്നും ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ ജനഃസെക്രട്ടറി സലാം കന്യപ്പാടി അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ജനാധിപത്യത്തിന് കരുത്ത് പകരാന്‍ പ്രവാസി വോട്ട്' എന്ന പ്രമേയത്തില്‍ ദുബൈ കെഎംസിസി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഹെല്‍പ്പ് ഡെസ്‌കില്‍ കെഎം ഇബ്രാഹിം കോളിയടുക്ക എന്നയാളെ ആദ്യമായി വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ത്ത് ഉദ്ഘാടന കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുബൈ കെഎംസിസി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് പിലാങ്കട്ടയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹെല്‍പ് ഡെസ്‌ക് സംഗമത്തിന് ജനറല്‍ സെക്രട്ടറി എം.എസ് ഹമീദ് സ്വാഗതം പറഞ്ഞു. പ്രവാസ വോട്ടര്‍മാരെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി നവംബര്‍ 15 ആണ്. ഇതുവരെ ചെറിയ ഒരു ശതമാനം ആളുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

നമ്മുടെ ഈ അലംഭാവം ഒരുപക്ഷേ പ്രവാസി വോട്ട് എന്ന സ്വപ്നം പോലും ഇല്ലാതെയാക്കും എന്ന് നാം ഭയപ്പെടണം ഭൂരിഭാഗം ആളുകളെയും വോട്ടര്‍ ലിസ്റ്റില്‍ ചേര്‍ത്തുകൊണ്ട് പ്രവാസ വോട്ട് യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാവരും ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ നടത്തണം. കെഎംസിസി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ഒരാഴ്ച വരെ നീണ്ടുനില്‍ക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് ഒരുക്കിയത് മാതൃകാപരമായ പ്രവര്‍ത്തനമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍, ട്രഷറര്‍ അസീസ് കമാലിയ, ഉപാധ്യക്ഷന്‍ അബ്ദുല്ല ബെളിഞ്ച, റസാക്ക് ബദിയടുക്ക സാജിദ് വിദ്യാനഗര്‍, സുഹൈല്‍ കോപ്പ, സിദ്ധീഖ് പള്ളത്തടുക്ക സംബന്ധിച്ചു.

Dubai KMCC kasaragod general secretary salam Kanyappady on expat vote, Kasaragod, Kerala, news, KMCC.