ദീപാവലി: പടക്കം പൊട്ടിക്കുന്നതിന് സുപ്രീംകോടതി വിധി നടപ്പാക്കാൻ നിർദേശം


തിരുവനന്തപുരം: നവംബര്‍ 05.2018. ദീപാവലിയോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവ് പുറപ്പെടുവിച്ചു. നിര്‍ദേശങ്ങള്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ ശ്രദ്ധയില്‍പെടുത്താന്‍ എല്ലാ ജില്ല പൊലീസ് മേധാവിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. നിശ്ചിതസ്ഥലത്തും സമയത്തും മാത്രമേ പടക്കങ്ങള്‍ പൊട്ടിക്കാവൂ എന്ന് കോടതി നിര്‍ദേശമുണ്ട്. നിരോധിക്കപ്പെട്ട പടക്കങ്ങളുടെ വില്‍പന അനുവദിക്കുന്നില്ല. നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെടുന്നപക്ഷം അതതു സ്ഥലത്തെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ കോടതിയലക്ഷ്യ നടപടിക്ക് വിധേയരാകേണ്ടിവരും.

ദീപാവലി ദിവസത്തിലോ മറ്റ് ആഘോഷ ദിവസങ്ങളിലോ പടക്കങ്ങള്‍ പൊട്ടിക്കുന്നതിനുള്ള സമയം രാത്രി എട്ട് മുതല്‍ പത്ത് വരെയാക്കി കോടതി ഉത്തരവിട്ടിട്ടുണ്ട്. ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ച് രാത്രി 11.55 മുതല്‍ 12.30 വരെ മാത്രമാണ് പടക്കംപൊട്ടിക്കുന്നതിന് അനുമതി നല്‍കിയിട്ടുള്ളത്.

Kerala, news, Diwali, Diwali; Diwali; SC on fire crackers.