മണൽ മാഫിയക്കെതിരെ ശക്തമായ നടപടികളുമായി ജില്ലാ കളക്ടർ


കാസറഗോഡ്: നവംബര്‍ 09.2018. സമയം ബുധനാഴ്‌ച രാത്രി പതിനൊന്നര. വൈകിട്ട്‌ കിട്ടിയ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ കലക്ടർ ഡോ. ഡി സജിത്ത്‌ബാബുവിന്റെയും ആർഡിഒ പി എ അബ്ദുൾസമദിന്റെയും നേതൃത്വത്തിൽ കലക്ടറുടെ ക്യാമ്പ്‌ ഹൗസിൽനിന്ന്‌ ഒരു ദൗത്യം തുടങ്ങുകയായിരുന്നു. അത്‌ കഴിഞ്ഞ്‌ തിരിച്ചെത്തുമ്പോൾ പുലർച്ചെ അഞ്ചര. അപ്പോഴേക്കും മൂന്നു കടവുകളിലും അനധികൃതമായി കുന്നിടിക്കുന്നിടത്തും സംഘം പരിശോധന നടത്തി വാഹനങ്ങളും ആളുകളെയും പിടികൂടിയിരുന്നു. 

ജില്ലയിലെ കടവുകളിൽ അനധികൃത മണലെടുപ്പും വ്യാപകമായ കുന്നിടിക്കലും നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ്‌ അർധരാത്രിയിൽ കലക്ടറും ആർഡിഒയും റെയ്‌ഡ്‌ നടത്താൻ ഇറങ്ങിയത്‌. ഔദ്യോഗിക വാഹനം ഒഴിവാക്കി, വേറെ വാഹനങ്ങളിലായിരുന്നു സംഘത്തിന്റെ യാത്ര. ഒപ്പം ആർഡിഒ ഓഫീസിലെ ജൂനിയർ സൂപ്രണ്ട്‌ റാം ബിനോയിയും എആർ ക്യാമ്പിലെ അഞ്ച്‌ പൊലീസുകാരും കലക്ടറുടെ ഗൺമാൻ എൽ ആർ ദിലീഷ്‌കുമാറും.  

പെരിയ കല്ലോട്ട്‌ മാവുങ്കൈയിൽ രാത്രിയിലും  കുന്നിടിക്കുന്നതറിഞ്ഞ്‌ അങ്ങോട്ടായിരുന്നു ആദ്യയാത്ര. ഇവിടെ നിന്ന്‌ ഒരു ജെസിബിയും മൂന്ന്‌ ടിപ്പറും പിടികൂടി. പിന്നീട്‌ തെക്കിൽ ഭാഗത്തുനിന്നും കുന്നിടിക്കുകയായിരുന്ന ജെസിബിയും മൂന്ന്‌ ടിപ്പറും പിടികൂടി. രാത്രി പന്ത്രണ്ടരയോടെ ഉജാർ ഉൾവാർ കടവിലേക്കായിരുന്നു ദൗത്യം. ഇച്ചിലംപാടി നായ‌്ക്കാപ്പ‌് റോഡിൽനിന്ന‌് രാത്രി രണ്ടോടെ  മണൽ കയറ്റി പോവുകയായിരുന്ന ലോറിയും അകമ്പടി പോവുകയായിരുന്ന കാറും ബൈക്കും പിടികൂടി. അവയുടെ ഡ്രൈവർമാരെയും കസ‌്റ്റഡിയിലെടുത്തു.  

എന്നാൽ കടവിലേക്കുള്ള റോഡിൽ മരങ്ങളും മറ്റും ഉപയോഗിച്ച‌് അപ്പോഴേക്കും തടസ്സം സൃഷ‌്ടിച്ചിരുന്നു.  സ്വകാര്യ വ്യക്തിയുടെ റോഡിലൂടെയാണ‌് റോഡ‌് നിർമിച്ചിട്ടുള്ളത‌്. സ്ഥലത്തിന്റെ ഉടമക്കെതിരെ കേസെടുക്കാൻ കലക്ടർ നിർദേശിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ബംബ്രാണ വില്ലേജ‌് ഓഫീസറിൽനിന്ന‌് ആർഡിഒ റിപ്പോർട്ട‌് തേടി. കുമ്പ‌ള പൊലീസ‌് മൂന്നു പേരുടെ അറസ‌്റ്റ‌് രേഖപ്പെടുത്തി.  ടിപ്പർ ലോറി ഡ്രൈവർ കളത്തൂർ മുബാറക‌് മൻസിലിൽ ഷാഹുൽഹമീദ‌് (35), കാർ ഡ്രൈവർ കിദൂർ ബജ‌്ല ഹൗസിൽ മുഹമ്മദ‌് ഫാറൂഖ‌് (31), ബൈക്ക‌് ഓടിച്ച കളത്തൂർ ഒടിയൻ ഹൗസിൽ സക്കറിയ (27) എന്നിവരെയാണ‌് പിടികൂടിയത‌്. 

പിന്നീട‌് തളങ്കര, പെരുമ്പ‌ള കടവുകളിലും കലക്ടറും സംഘവും പരിശോധന നടത്തി. പുലർച്ചെ അഞ്ചരയ‌്ക്കാണ‌് റെയ‌്ഡ‌് അവസാനിച്ചതെങ്കിലും കലക്ടറും ആർഡിഒയും മറ്റു ജീവനക്കാരും പത്തോടെ ഓഫീസിലും എത്തി. തളങ്കരയിൽനിന്ന‌് കണ്ടെടുത്ത മണൽചാക്കുകൾ വ്യാഴാഴ‌്ച പൊലീസ‌് കടലിലേക്ക‌് തള്ളി. 

ജില്ലയിലെ മണൽമാഫിയയെ അടിച്ചമർത്തുമെന്ന‌് കലക്ടർ ഡോ. ഡി സജിത്ത‌്ബാബു  പറഞ്ഞു. റെയ‌്ഡ‌് വിവരം അറിയാൻ അവർ ഉപയോഗിക്കുന്ന തന്ത്രം തന്നെ റവന്യൂ വകുപ്പും പൊലീസും ഉപയോഗിക്കും.  കടൽ മണലും കര മണലും ചേർത്താണ‌് വിൽപന നടത്തുന്നത‌്. ഈ മണൽ ഉപയോഗിച്ച‌് നിർമിക്കുന്ന കെട്ടിടങ്ങൾക്ക‌് ആയുസു കുറവായിരിക്കും. ഉപ്പുകലർന്ന മണൽ കെട്ടിടത്തിന‌് നല്ലതല്ല. ഇത്തരം മണൽ വാങ്ങി ഉപയോഗിക്കുന്നവർ ഇക്കാര്യം ആലോചിക്കണം. വാങ്ങിയ മണൽ ഉപ്പുകലർന്നതാണോ എന്ന‌് അറിയാൻ അൽപം എടുത്ത‌് സോഡയിൽ ഇട്ടാൽ മനസ്സിലാകുമെന്ന‌് തെളിവു സഹിതം കലക്ടർ വ്യക്തമാക്കി. 

ഇ –-മണൽ സംവിധാനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സാൻഡ‌് ഓഡിറ്റിങ് നടന്നുവരികയാണ‌്. പ്രളയത്തെ തുടർന്ന‌് അടിഞ്ഞുകൂടിയ മണൽ ഉപയോഗിക്കാൻ സർക്കാർ അനുമതിയായിട്ടുണ്ട‌്. സർക്കാർ പദ്ധതികൾക്കും ലൈഫ‌് വീടുകൾക്കും ആയിരിക്കും ഇതിന്റെ മുൻഗണന. ബാക്കിയുള്ളത‌് സ്വകാര്യ വ്യക്തികൾക്ക‌് നൽകും.

Kasaragod, Kerala, news, skyler-ad,  District collector, Sand auditing, District collector takes strict action against sand mafia.