ഹണി ട്രാപ്പ് കേസിൽ പോലീസ് അന്വേഷിക്കുന്ന ഒരാൾ കൂടി പിടിയിൽ


കാസര്‍കോട്: നവംബര്‍ 06.2018. ഫര്‍ണ്ണിച്ചര്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തൃശൂര്‍, കൂര്‍ക്കഞ്ചേരിയിലെ ആഷിഖി (34)നെയാണ് കാസര്‍കോട് ടൗണ്‍ എസ്.ഐമാരായ പി.അജിത്ത് കുമാര്‍, ബാലകൃഷ്ണന്‍ എന്നിവര്‍ അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നു എട്ടുമാസം മുമ്പ് കാണാതായ ഇന്നോവ കാര്‍ പിടികൂടി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

തച്ചങ്ങാട്ട് ഫര്‍ണ്ണിച്ചര്‍ സ്ഥാപനം നടത്തുന്ന മുളിയാര്‍, ബാലനടുക്കത്തെ മുഹമ്മദ് ഫൈസലി(47)നെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുക്കുകയും ചെയ്ത ശേഷം പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് ആഷിഖെന്നു പൊലീസ് പറഞ്ഞു. രണ്ടാം പ്രതിയായ സ്ത്രീയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഒന്നാം പ്രതിയും സ്ത്രീയുടെ ഭര്‍ത്താവുമായ നുള്ളിപ്പാടിയില്‍ താമസിക്കുന്ന അബ്ദുല്‍ സലീം ഒളിവിലാണ്. ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണത്തിനിടയിലാണ് ആഷിഖിനെ പൊലീസ് നാടകീയമായി പിടികൂടിയത്. സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന്റെ രേഖകള്‍ പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും നല്‍കിയില്ല. 

തുടര്‍ന്ന് നമ്പര്‍ കേന്ദ്രീകരിച്ച് എറണാകുളം പൊലീസുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് മോഷണം പോയ കാറാണെന്നു വ്യക്തമായത്. വിവരമറിഞ്ഞ് എറണാകുളം പൊലീസും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. തൃശൂര്‍ സ്വദേശിയായ ആഷിഖിന്റെ കാസര്‍കോട്ടെ ബന്ധത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ മാസം 24ന് ആണ് ഫര്‍ണ്ണിച്ചര്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം ഉണ്ടായത്.

Cheating case; One more held, Kasaragod, Kerala, news, alfalah ad.