ബസ് കയറാൻ വരി നിൽക്കണം; കളത്തൂർ റൂട്ടിലോടുന്ന ബസുകളിൽ വിദ്യാർത്ഥികൾക്ക് പീഢനം


കുമ്പള: നവംബര്‍ 03.2018. കളത്തൂർ റൂട്ടിലോടുന്ന ബസുകളിൽ വിദ്യാർത്ഥികൾക്ക് പീഢനം. ചെറിയ കുട്ടികളെ വരി നിർത്തിയാണ് ജീവനക്കാർ ബസിൽ കയറ്റുന്നത്. കുട്ടികളെ വരി നിർത്തി ബസിൽ കയറ്റാൻ പാടില്ലെന്ന നിയമം നിലനിൽക്കെയാണ് വിദ്യാർത്ഥികൾക്കെതിരായ ഈ പച്ചയായ അവകാശ ലംഘനം. 
            
വൈകുന്നേരം സ്കൂൾ വിടുന്ന സമയത്ത് നാലു മണിക്കുള്ള ബസിലും നാലരക്കുള്ള ബസിലും കയറുന്ന വിദ്യാർത്ഥികൾ അഞ്ചു രൂപ നൽകി യാത്ര ചെയ്യണമെന്നാണ് ജീവനക്കാർ ഉണ്ടാക്കിയിട്ടുള്ള  അലിഖിത നിയമം. അത്  നൽകാൻ കഴിവില്ലാത്ത പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ബസ് വിടുന്നത് വരെ വാതിൽക്കൽ വരി നിൽക്കണം. ബസ് വിടുന്ന സമയം വരെ വരി നിൽക്കുന്ന കുട്ടികൾക്ക് ബസിൽ യാത്രക്കാർ നിറഞ്ഞു കഴിഞ്ഞാൽ പലപ്പോഴും കയറിപ്പറ്റാൻ കഴിയാറില്ല.  ഇരുപതു മിനിറ്റിലധികം ഡോറിനടുത്ത് കാത്തുനിന്ന് അവസാനം ബസ് തങ്ങളെ കയറ്റാതെ പോകുമ്പോൾ നിസ്സഹായരായി കരയുന്ന ചെറിയ കുട്ടികൾ ബദിയടുക്ക റോഡിലെ നിത്യ കാഴ്ചയാണെന്ന് നാട്ടുകാർ പറയുന്നു.

മാസങ്ങൾക്ക് മുമ്പ് ഈ റൂട്ടിലോടുന്ന ബസുകൾ സ്കൂൾ കുട്ടികളെ കയറ്റാതെ പോകുന്നത് ശ്രദ്ധയിൽ പെട്ട ഡി വൈ എഫ് ഐ പ്രവർത്തകർ ഇടപെട്ട് ബസ് ജീവനക്കാരെ താക്കീത് ചെയ്തിരുന്നു. കുമ്പള ജി എസ് ബി എസിൽ കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ ബസ് കയറാൻ എത്തുന്ന കുട്ടികളോട് ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് രക്ഷിതാക്കൾ പരാതി പറഞ്ഞിരുന്നു.

കുട്ടികൾക്കെതിരായ ഇത്തരം അവകാശ ലംഘനങ്ങളും പീഢനങ്ങളും പാടേ ഇല്ലാതാക്കുന്നതിന് ശക്തമായ നിയമ നടപടികൾ നിലവിലുണ്ടെങ്കിലും നടപ്പിലാക്കാൻ അധികൃതർ മുമ്പോട്ട് വരുന്നില്ലെന്നാണ് രക്ഷിതാക്കൾ പരാതിപ്പെടുന്നത്.

Bus passes through Kalathur road by avoiding rules, Kumbla, Kasaragod, Kerala, news.