യുവാവിനെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് വധിക്കാൻ ശ്രമിച്ച സംഭവത്തിൽ കാണിച്ചു കൊടുത്തിട്ടും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപണം


കുമ്പള: നവംബര്‍ 08.2018. യുവാവിനെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി വധിക്കണമെന്ന ലക്ഷ്യത്തോടെ മർദിച്ചവശനാക്കി തട്ടുകടയ്ക്കു പിന്നിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതികളെ പൊലീസിന് കാണിച്ചു കൊടുത്തിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്ന് യുവാവിന്റെ കുടുംബം കുമ്പള പ്രസ് ഫോറത്തിൽ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.

ഒക്ടോബർ 24നാണ് ബന്തിയോട് ഇച്ചിലങ്കോട് സ്വദേശി പ്രവാസിയായ മുഷാഹിദ് ഹുസൈൻ(21) നെ ബന്തിയോട് നിന്നും രാത്രി പത്തു മണിയോടെ ഒരു സംഘം കാറിൽ തട്ടിക്കൊണ്ടുപോയത്. പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പൊലീസും ബന്ധുക്കളും അന്വേഷിച്ചു കൊണ്ടിരിക്കെ ഉപ്പള ഹിദായത്ത് നഗറിലെ റോഡരികിൽ ദേഹമാസകലം ചോരയിൽ മുങ്ങി യുവാവ് വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. 

ഗുരുതര പരിക്കായതിനാൽ മംഗളൂരുവിലെ ആശുപത്രിയിൽ ദിവസങ്ങളോളം യുവാവ് ചികിത്സയിലായിരുന്നു. സുഹൈൽ എന്ന ചുവ, മുബാറക്ക് എന്ന മക്കു, അഷ്ഫാക്ക്, മുസ്ലിം ലീഗ് പ്രാദേശിക നേതാവും പഞ്ചായത്തംഗവുമായ മുസ്തഫ എന്നിവർക്കെതിരെ യുവാവിന്റെ മൊഴിയിൽ പിന്നീട് പൊലീസ് കേസെടുത്തിരുന്നു. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. പ്രതികൾ നാട്ടിൽ യഥേഷ്ടം വിലസുകയാണെന്നും പൊലീസിനെ വിളിച്ച് പ്രതികളെ കാണിച്ചു കൊടുത്താലും അറസ്റ്റ് ചെയ്യുന്നില്ലെന്നുമാണ് ആരോപണം. 

കഴിഞ്ഞ ദിവസം പ്രതികളിലൊരാൾ ഹിദായത്ത് നഗറിലെ ഒരു ക്ലബിൽ കളിച്ചു കൊണ്ടിരിക്കെ പൊലീസിൽ വിവരം നൽകിയെങ്കിലും പൊലീസ് അവഗണിച്ചതായി കുടുംബം ആരോപിച്ചു. അന്വേഷണച്ചുമതലയുള്ള  കുമ്പള പൊലീസ് സ്റ്റേഷനിലെ വിനോദ് എന്ന ഉദ്യോഗസ്ഥൻ പ്രതികളെ സഹായിക്കുന്നതായി കുടുംബം വ്യക്തമാക്കി.  

അതിനിടെ പഞ്ചായത്തംഗമായ മുസ്തഫ ഒന്നിലധികം തവണ കേസിൽ നിന്നും തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഷാഹിദിന്റെ കുടുംബത്തെ സമീപിച്ചതായും വീട്ടുകാർ പറയുന്നു. നേരത്തെ മുഷാഹിദിനെ മർദിച്ചവശനാക്കി റോഡരികിൽ തള്ളുമ്പോൾ ഇതുമായി ബന്ധപ്പെട്ട് കേസിന് പോയിക്കഴിഞ്ഞാൽ നിന്റെ ഉമ്മയെ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. ഇതു സംബന്ധിച്ച് പരാതി പറയുന്നതിന് ജില്ല പൊലീസ് മേധാവിയെ ചെന്ന് കണ്ടിരുന്നു. കാറിൽ തട്ടിക്കൊണ്ടുപോയി  മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിച്ചതിനാൽ സ്റ്റേഷൻ ജാമ്യം ലഭിക്കത്തക്ക ദുർബലമായ  വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളതെന്നും  കുടുംബം  ആരോപിച്ചു.

അബുദാബിയിലെ  ഒരു ഹോട്ടലിൽ പാചകക്കാരനായ മുഷാഹിദ് ഹുസൈൻ സംഭവം നടക്കുന്നതിന് ഒരു മാസം മുമ്പാണ് ലീവിൽ നാട്ടിലെത്തിയത്. നവംബർ ആദ്യ വാരം തിരിച്ചു പോകാനിരിക്കെയാണ് ഇയാൾക്കെതിരെ ആക്രമണമുണ്ടായത്‌. ഇതോടെ തിരിച്ചു പോകാനാവാത്ത യുവാവിന് തൊഴിൽ നഷ്ടപ്പെട്ടേക്കുമെന്ന ഭീതി നിലനിൽക്കുന്നുണ്ട്. ഇയാളുടെ മാതാവ് സീനത്ത് ബീവി ഷിറിയയിൽ ഏകാധ്യാപക വിദ്യാലയത്തിൽ അധ്യാപികയാണ്. തനിക്കെതിരെ വധഭീഷണിയുള്ളതിനാൽ സ്കൂളിൽ പോകാൻ ഭയമുണ്ടെന്ന് ഇവർ പറയുന്നു. തനിക്ക് നയാ ബസാറിലുള്ള ട്യൂഷൻ സെൻററിൽ ചെല്ലാൻ ഭയമുള്ളതായി മുഷാഹിദിന്റെ സഹോദരൻ വിദ്യാർത്ഥിയായ മുജാഹിർ ഹുസൈൻ പറഞ്ഞു. 

വാർത്ത സമ്മേളനത്തിൽ സീനത്ത് ബീവി, ഭർത്താവ് മുഹമ്മദ്, മുജാഹിർ ഹുസൈൻ എന്നിവർ സംബന്ധിച്ചു.

Related News:

യുവാവിനെ തട്ടിക്കൊണ്ടുപോയി കാലുകൾ തല്ലിയൊടിച്ചു; പഞ്ചായത്തംഗം ഉൾപ്പെടെ...Kumbla, Kasaragod, Kerala, news, transit-ad, Assault case; Police not arrested accused.