ബാലികയെ പീഡിപ്പിച്ച് വിദേശത്തേക്ക് കടന്ന പ്രതിയെ മംഗളൂറു വിമാനത്താവളത്തിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു


മഞ്ചേശ്വരം: നവംബർ 09.2018 ● 13 കാരിയായ വിദ്യാര്‍ത്ഥിനിയെ പലതവണ പീഡിപ്പിച്ച ശേഷം ഗള്‍ഫിലേക്ക് കടന്ന പ്രതിയെ നാട്ടിലേക്ക് തിരിച്ചു വരുന്നതിനിടെ എയര്‍ പോര്‍ട്ടില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. ബങ്കര മഞ്ചേശ്വരം കടപ്പുറത്തെ അല്‍ത്താഫിനെ (28)യാണ് മഞ്ചേശ്വരം എസ് ഐ ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ സെപ്തംബറിലാണ് അല്‍ത്താഫിനെതിരെ 13 കാരിയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മഞ്ചേശ്വാം പോലീസ് കേസെടുത്തത്.

പോലീസ് കേസെടുത്തതോടെ അല്‍ത്താഫ് ഗള്‍ഫിലേക്ക് മുങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് അല്‍ത്താഫിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുകയായിരുന്നു. എല്ലാ വിമാനത്താവളത്തിലും അറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടയിലാണ് അല്‍ത്താഫ് വ്യാഴാഴ്ച മംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയത്. എമിഗ്രേഷന്‍ വിഭാഗം യുവാവിനെ തടഞ്ഞുവെച്ച് മഞ്ചേശ്വരം പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

accused-arrested-manjeshwar.