25 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച ഇന്റർ ലോക്ക് റോഡ് അപകടക്കുരുക്കാകുന്നു


കുമ്പള നവംബർ 15.2018 ●  ഇരുപത്തിയഞ്ച് ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച സി.എച്ച്.സി. കുണ്ടങ്കറടുക്ക ഇന്റർ ലോക്ക് റോഡ് തകർന്നത് അപകടക്കുരുക്കാകുന്നു. രണ്ട് വർഷം മുമ്പ് ഹാർബർ എഞ്ചിനീയറിങ്ങ് വകുപ്പിൽ നിന്നും കാസറഗോഡ് വികസന പദ്ധതിയിൽ ഉൾപെടുത്തി നിർമ്മിച്ച റോഡാണിത്. നിർമ്മാണം കഴിഞ്ഞ് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഇന്റർ ലോക്കുകൾ മേലോട്ട് പൊങ്ങി വന്നിരുന്നു. നിരവധി അപകടങ്ങളാണ് ഈ റോഡിൽ ഇക്കാലയളവിൽ സംഭവിച്ചത്. 

കഴിഞ്ഞ ദിവസം നാലാം ക്ലാസുകാരൻ മാസിൻ സൈക്കിളിൽ നിന്ന് വീണ് പരിക്കേറ്റതാണ് ഏറ്റവും ഒടുവിലത്തേതായി റിപ്പോർട്ട് ചെയ്തത്. കുറച്ച് ദിവസം മുമ്പ് കുണ്ടങ്കറടുക്ക സ്വദേശിയുടെ കാറിന്റെ ചക്രത്തിന്റെ ഇടയിൽ പൊങ്ങി വന്ന ഇന്റർലോക്ക് കുടുങ്ങി ടയർ പൊട്ടി റോഡരികിലുള്ള മതിലിൽ ഇടിച്ചിരുന്നു. കുമ്പള പഞ്ചായത്തിലെ ഒരു വാർഡ് മെമ്പർ തന്നെയാണ് ഈ റോഡിന്റെ കരാറുകാരൻ.

Interlock-road-isuues-kumbla