ലഹരിക്കടിമയായ പത്താം ക്ലാസുകാരന്റെ പരാക്രമം അസഹനീയം; പരാതിയുമായി പിതാവ് പൊലീസിൽ, ഞെട്ടിപ്പിക്കുന്ന സംഭവം കുമ്പളയിൽ, വിദ്യാർത്ഥിയുടെ ബാഗിൽ നിന്നും കണ്ടെടുത്തത് ഫെവിക്കോളിന്റെയും ഷൂ പോളിഷിന്റെയും ടിന്നുകൾ





കുമ്പള: നവംബർ 01, 2018 . കുമ്പളയിലും പരിസര പ്രദേശങ്ങളിലുമായി  നിരവധി സ്കൂൾ കുട്ടികൾ ലഹരിക്കടിമപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം   പത്താം ക്ലാസ്സ് വിദ്യാർത്ഥി വീട്ടിൽ പരാക്രമം കാട്ടിയതിനെത്തുടർന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരം. വിദ്യാർത്ഥി യുടെ ബാഗിൽ നിന്നും കണ്ടെടുത്തത് ഫെവിക്കോളിന്റെയും ഷൂ പോളിഷിന്റെയും ടിന്നുകൾ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ കുട്ടിയുടെ പെരുമാറ്റത്തിലും ഇടപെടലിലും വലിയ വ്യത്യാസം കണ്ടതായി  രക്ഷിതാക്കൾ പറയുന്നു. വീട്ടിൽ അനുസരണക്കേട് കാണിക്കുന്നത് പതിവാക്കിയ കുട്ടി പല വീട്ടു കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കാനും തുടങ്ങി. പിന്നീട് സ്വഭാവത്തിൽ വലിയ മാറ്റം കാണുകയും രക്ഷിതാക്കളോട് വരെ കയർത്തു സംസാരിക്കുകയും മാതാവിനെ തല്ലാൻ ശ്രമിക്കയും ചെയ്തതിനെ തുടർന്ന് വീട്ടുകാർ വിശദമായി കാര്യങ്ങൾ  അന്വേഷിക്കുകയായിരുന്നു. 


തുടർന്നാണ് ബാഗിൽ നിന്നും ഷൂ പോളിഷിന്റെയും ഫെവികോളിന്റെയും ടിന്നുകൾ ലഭിച്ചത്. കുട്ടിയെ ചോദ്യം ചെയ്തപ്പോൾ ഇത് ലഹരി നൽകുന്നതായും ഈ മിശ്രിതം ഉപയോഗിക്കാതിരുന്നാൽ തന്റെ നിയന്ത്രണം നഷ്ടമാകുന്നുവെന്നും വീട്ടുകാരോട് പറഞ്ഞതായാണ് വിവരം. ഇത് പോലെ സ്കൂളിലെ പല കുട്ടികളും ഇവ ഉപയോഗിക്കുന്നതായി ഈ കുട്ടി രക്ഷിതാക്കളോട് വെളിപ്പെടുത്തിയത്രെ.
ഇതേ തുടർന്ന് അധ്യാപകർ നടത്തിയ തിരച്ചിലിൽ ഇതേ സ്കൂളിലെ മറ്റ് നാലു കുട്ടികളെയും ഇത്തരത്തിൽ കണ്ടെത്തി പോലീസ് സ്റ്റേഷനിൽ കൊണ്ടു പോയി രക്ഷിതാക്കളുടെ കൂടെ വിട്ടയച്ചു.

സ്കൂളുകളിലും പരിസരങ്ങളിലും കട്ടികൾക്ക് ലഹരി വിതരണം ചെയ്യുന്ന മാഫിയ ശക്തമായി പിടി മുറുക്കിയിട്ടുണ്ട്. സ്കൂൾ പി.ടി.എകളും അധികൃതരും  ഇത്തരം പ്രശ്നങ്ങളെ ഗൗരവമായി പരിഗണിക്കുന്നില്ലെന്നും പരാതിയുണ്ട്.

കുട്ടികളുടെ സ്വഭാവത്തിൽ വരുന്ന വ്യതിയാനങ്ങൾ യഥാസമയം തിരിച്ചറിയാൻ രക്ഷിതാക്കൾക്ക് കഴിയുന്നില്ല. കുട്ടികൾ ലഹരിക്കടിമപ്പെടുന്നതിൽ മാതാപിതാക്കളുടെ അശ്രദ്ധയും കാരണമാവുന്നുണ്ടെന്ന് അധ്യാപകരും പറയുന്നു. സ്കൂളുകളിൽ കൃത്യമായി എത്തുന്നുണ്ടോ എന്ന് പോലും രക്ഷിതാക്കൾ ശ്രദ്ധിക്കുന്നില്ല. സ്കൂൾ വിട്ട് കുട്ടികൾ കൃത്യമായി വീട്ടിൽ എത്തുന്നുണ്ടോ എന്നും രക്ഷിതാക്കൾ ശ്രദ്ധിക്കണം.

Kumbla, transit-ad, Kasaragod, Kerala, news, 10th class student addicted to intoxicating; Father complaining in Police.