പള്ളികളിൽ സ്ത്രീ പ്രവേശനം; സുപ്രീം കോടതിയെ സമീപിക്കുമെന്ന് വി.പി.സുഹറ


കോഴിക്കോട്: ഒക്ടോബര്‍ 10.2018. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുസ്‌‍ലിം പള്ളികളിലും സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന ആവശ്യം ഉയർന്നു വരികയാണ്. ഇക്കാര്യം ഉന്നയിച്ചു സുപ്രീംകോടതിയെ സമീപിക്കുമെന്നു പ്രോഗ്രസീവ് മുസ്‌ലിം വുമന്‍സ് ഫോറം അധ്യക്ഷ വി.പി.സുഹറ പറഞ്ഞു. മറ്റു വനിതാ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ കൂടി ലഭിക്കുമെന്ന പ്രതീക്ഷയും സുഹറ പ്രകടിപ്പിച്ചു.

കേരളത്തിലെ മുസ്‍ലിം പള്ളികളില്‍ കടുത്ത വിവേചനമാണു സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്നത്. ഇത് ഇല്ലാതാക്കാൻ സുപ്രീംകോടതിയെ സമീപിക്കും. മുഹമ്മദ് നബിയെ പ്രവാചകനായി കാണുന്ന ഒരു മുസ്‍ലിമിനും സ്ത്രീകളെ മാറ്റിനിര്‍ത്താനാകില്ലെന്നും സുഹറ അഭിപ്രായപ്പെടുന്നു.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സ്വാഗതം ചെയ്യുന്നു. തൊട്ടുകൂടായ്മയും അയിത്തവും ഒരുതരത്തിലും അംഗീകരിക്കാനാകില്ല. നരബലി, സതി, ദേവദാസി ആചാരങ്ങളെല്ലാം നിയമം മൂലം നിരോധിച്ചതിനു സമമാണു സുപ്രീംകോടതി വിധി. വിശ്വാസികളുടെ ആരാധനാ സ്വാതന്ത്യത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും അവർ കൂട്ടിച്ചേർത്തു. 

Kozhikkod, Kerala, news, V.P Suhara, Supreme court, Women entrance into mosque; VP Suhara approaches Supreme Court.