വിദ്യാർത്ഥികൾ സ്കൂൾ കട്ട് ചെയ്ത് വ്യാപാര സമുച്ചയങ്ങളിലും, കോഫി ഷോപ്പുകളിലും കറങ്ങുന്നതായി ആക്ഷേപമുയരുന്നു


കുമ്പള : ഒക്ടോബര്‍ 06.2018. കുമ്പളയിലെയും പരിസര പ്രദേശങ്ങളിലേയും സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ പതിവായി സ്കൂൾ കട്ട് ചെയ്ത് മംഗലാപുരത്തേയും കാസറഗോഡും ഷോപ്പിങ് മാളുകളിലും കോഫി ഷോപ്പുകളിലും സിനിമ തീയേറ്ററിലും സമയം ചിലവഴിക്കുന്നതായി ആക്ഷേപമുയരുന്നു. അധ്യാപകരുടെയും, രക്ഷിതാക്കളുടെയും അശ്രദ്ധയും ഹാജർനില പരിശോധിക്കാത്തതുമാണ് വിദ്യാർത്ഥികൾ സ്കൂൾ അധികൃതരുടെയും, രക്ഷിതാക്കളുടെയും കണ്ണുവെട്ടിച് മുങ്ങുന്നതെന്ന് കണ്ടെത്തൽ.

കുമ്പള സ്കൂൾ കോളേജ് പരിസരങ്ങളിൽ നേരത്തെതന്നെ 'പൂവാലന്മാരുടെ 'ശല്ല്യം ശക്തമായിരുന്നു. പോലീസിന്റെ ശക്തമായ ഇടപെടൽ ഒരു പരിധി വരെ ഇതിന് തടയിട്ടിരുന്നു. അത്തരം നടപടികളിൽനിന്നും പോലീസ് പതുക്കെ പിൻവലിഞ്ഞതോടെ ഇപ്പോൾ വീണ്ടും പൂവാലന്മാർ തലപൊക്കിത്തുടങ്ങിയിരിക്കുകയാണ് . പൂർവ്വ വിദ്യാർത്ഥികൾ എന്ന പേരിൽ പൂവാലന്മാർ ബൈക്കുകളിലും, കാറുകളിലുമായി സ്കൂൾ വിടുന്ന സമയങ്ങളിൽ സ്കൂൾ പരിസരത്തെത്തിയാണ് വിദ്യാർത്ഥിനികളെ ശല്ല്യം ചെയ്യുന്നത്. ഭയംമൂലം പല വിദ്യാർത്ഥിനികളും പരാതി നൽകുന്നില്ലെന്ന് പറയുന്നു.

'ഗേൾ ഫ്രണ്ടി'നായി ചേരിതിരിഞ്ഞ് സംഘർഷങ്ങളിൽ ഏർപ്പെടുന്നതും  കുമ്പളയിൽ നിത്യസംഭവമാണ്. ഇത്തരത്തിലുള്ള പൂവാല സംഘങ്ങളാണ്  സ്കൂൾ കട്ട് ചെയ്ത് വ്യാപാര സമുച്ചയങ്ങളിലും, കോഫി ഷോപ്പുകളിലേക്കും കുട്ടികളെ കൂട്ടിക്കൊണ്ട് പോകുന്നത്. 'ബോയ് ഫ്രണ്ട് 'എന്നപേരിലാണത്രേ കറക്കം. ഇതിന് ചില മുതിർന്ന വിദ്യാർത്ഥികളും സൗകര്യം ചെയ്തുകൊടുക്കുന്നതായും ആക്ഷേപമുണ്ട് . 

രാവിലെ സ്കൂളിലേക്കാണെന്ന് പറഞ്ഞ് വീട്ടിൽനിന്നും ഇറങ്ങുന്ന വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയിട്ടുണ്ടോ എന്നറിയാൻ രക്ഷിതാക്കൾക്ക് നിലവിൽ സംവിധാനമൊന്നുമില്ല. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂൾ കട്ട് ചെയ്യാൻ പ്രേരണയാകുന്നു. ചില സന്നദ്ധ സംഘടനാ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിദ്യാർത്ഥികളുടെ പേരിൽ നിരീക്ഷണം ഏർപ്പെടുത്തിയത്. ചില 'പൂവാലന്മാരെ 'വേണ്ട രീതിയിൽ കൈകാര്യം ചെയ്തു മേലിൽ ആവർത്തിക്കരുതെന്ന മുന്നറിയിപ്പോടെ സന്നദ്ധ സംഘടനാ പ്രവർത്തകർ വിട്ടയക്കുകയും ചെയ്തിരുന്നു.

ദിവസങ്ങൾക്കുമുമ്പ്  സ്കൂൾ വിട്ട് വീട്ടിൽ പോവുകയായിരുന്ന വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതും പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യാത്തതിലും രക്ഷിതാക്കൾക്കിടയിലും നാട്ടുകാർക്കിടയിലും  ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്.
വിദ്യാർത്ഥികൾക്കുണ്ടാകുന്ന 'മാനഹാനി ' ഭയന്ന് പോലീസിൽ പരാതിപ്പെടാൻ മറ്റു വിദ്യാർത്ഥികൾ  കൂട്ടാക്കാറില്ല. വിദ്യാർത്ഥികളെ കൗണ്സിലിങ്ങിന് വിധേയമാക്കിയാൽ കൂടുതൽ വിവരങ്ങളറിയാൻ സാധിക്കുമെന്നാണ് സന്നദ്ധ പ്രവർത്തകർ പറയുന്നത്. 

അതിനിടെ സ്കൂളുകളിൽനിന്നും മുങ്ങിനടക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്താൻ ജില്ലയിലെ ചില പോലീസ് സ്റ്റേഷനുകളിൽ സംവിധാനമൊരുക്കിയിട്ടുണ്ട്. സ്കൂളിലെ ഹാജർ നില സംവിധാനം പോലീസ് സ്റ്റേഷനുകളിൽ ഇതിനായി സജ്ജമാക്കിയ 'ആപ്പു''മായി ബന്ധിപ്പിച്ചാണ് ഈ നടപടി സ്വീകരിക്കുന്നത്. സ്കൂളിൽ ഹാജർ രേഖപ്പെടുത്താത്ത കുട്ടികളുടെ വിവരം ശേഖരിച്ച് രക്ഷിതാക്കളെ വിവരം അറിയിക്കുന്നതാണ് സംവിധാനം ഇതിന് "ക്യാപ്പ് " എന്ന് പോലീസ് നാമകരണം ചെയ്തിട്ടുണ്ട്.

സ്കൂൾ കട്ട് ചെയ്ത് മുങ്ങിനടക്കുന്ന കുട്ടികൾ പിന്നീട് മയക്കുമരുന്ന് മാഫിയകൾക്കും, മറ്റ്‌ അനാശ്യാസ ചൂഷണങ്ങൾക്കും ഇടയാക്കുന്നതായുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കാൻ പോലീസിനെ പ്രേരിപ്പിച്ചത്. ഇത്തരത്തിലുള്ള സംവിധാനം കുമ്പളയിലും നടപ്പിലാക്കണമെന്ന ആവശ്യമാണ്‌ സന്നദ്ധ സംഘടനാ പ്രവർത്തകർ ഇപ്പോൾ മുന്നോട്ട് വെക്കുന്നതും.

Students cut classes and goes to shopping mall, Kumbla, Kasaragod, Kerala, news.