കൂട്ടിൽ കയറി താറാവിനെ അകത്താക്കിയ 'വിരുതനെ' പിടികൂടി പൊലീസിൽ ഹാജരാക്കി


കുമ്പള: ഒക്ടോബര്‍ 09.2018. കൂട്ടിൽ കയറി താറാവിനെ അകത്താക്കിയ വിരുതനെ വീട്ടുടമയും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിൽ ഹാജരാക്കി. ബംബ്രാണ ചൂരിത്തടുക്കയിലെ ഹസൈനാറിന്റെ വീട്ടിലെ താറാവിനെയാണ് പെരുമ്പാമ്പ് അകത്താക്കിയത്. തിങ്കളാഴ്ച സന്ധ്യയോടെ താറാവിനെ കൂട്ടിൽ കയറ്റി പൂട്ടിയിട്ടിരുന്നതായി വീട്ടുകാർ പറയുന്നു. ചൊവ്വാഴ്ച രാവിലെ കുട്ടികൾ താറാവിനെ പുറത്താക്കാൻ വേണ്ടി കൂട് തുറന്നെങ്കിലും താറാവ് പുറത്തു വന്നില്ല. തുടർന്ന് കൂട്ടിനകത്തേക്ക് നോക്കിയപ്പോഴാണ് അകത്ത് വിശ്രമിക്കുന്ന പെരുമ്പാമ്പിനെ കണ്ടത്.

പാമ്പ് കയറിയതിന്റെ യാതൊരു ലക്ഷണവും പുറമെ നിന്നും കൂട്ടിൽ ദൃശ്യമായിരുന്നില്ല. അതിനാൽ തലേ ദിവസം തന്നെ 'കള്ളൻ' കൂട്ടിനകത്ത് കയറിക്കൂടിയിരുന്നതായി വീട്ടുകാർ സംശയിക്കുന്നു.പിന്നീട് അയൽവാസികളായ ഏതാനും ആളുകളും കൂടി എത്തിയാണ് പാമ്പിനെ പുറത്തിറക്കിയത്. അപ്പോഴേക്കും താറാവിനെ പാമ്പ് വിഴുങ്ങിക്കഴിഞ്ഞിരുന്നു.

എല്ലാവരും ചേർന്ന് പാമ്പിനെ ഒരു പ്ലാസ്റ്റിക് ചാക്കിലാക്കി കുമ്പള പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. കാസർകോട്ടെ ഫോറസ്റ്റ് ഓഫീസിൽ വിളിച്ച് വിവരം പറഞ്ഞെങ്കിലും വാഹനമില്ലെന്നും പാമ്പിനെ വേദനിപ്പിക്കാതെ കാട്ടിൽ തുറന്നു വിടാനുമാണ് അധികൃതർ നിർദ്ദേശിച്ചത്. ഉദ്യോഗസ്ഥർ പറഞ്ഞതു പ്രകാരം ഹസൈനാർ പിന്നീട് സുഹൃത്തുക്കളെയും കൂട്ടി പാമ്പിനെ ഷിറിയ പുഴയോരത്തെ വിജനമായ കണ്ടൽക്കാടുകൾക്കിടയിലേക്ക് തുറന്നു വിട്ടു.

Kumbla, Kasaragod, Kerala, news, Duck, Snake, Snake caught from duck's cage.