സംസ്ഥാനത്തും കൊങ്കൺ മേഖലകളിലും ശനിയാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് നിരീക്ഷണം


തിരുവനന്തപുരം: ഒക്ടോബർ 03 .2018 . തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വിഭാഗവും ദുരന്തനിവാരണ അതോറിറ്റിയും കൂടുതല്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. മത്സ്യത്തൊഴിലാളികള്‍ ആറുമുതല്‍ കാലാവസ്ഥാ വകുപ്പ് നിര്‍ദേശിക്കുന്ന ദിവസംവരെ കടലില്‍ പോകരുതെന്നും പോയവര്‍ അഞ്ചിനുമുമ്പ് തീരത്തെത്തണമെന്നും മുന്നറിയിപ്പുണ്ട്. ശനിയാഴ്ചയോടെ ലക്ഷദ്വീപിനു സമീപത്തായി ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ വിലയിരുത്തല്‍. ഇത് കൂടുതല്‍ ശക്തിപ്രാപിച്ച് വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഒമാന്‍ തീരത്തേക്ക് പോകാനാണ് സാധ്യത. ഇതുമൂലം ശനിയാഴ്ച മുതല്‍ മൂന്നുദിവസം കേരളത്തിലും കൊങ്കണ്‍ മേഖലയിലും ശക്തമായ മഴ ലഭിക്കും. അറബിക്കടല്‍ പ്രക്ഷുബ്ധമായിരിക്കും. നിലവില്‍ ശ്രീലങ്കയ്ക്ക് സമീപവും അറബിക്കടലില്‍ തെക്കുകിഴക്കന്‍ മേഖലയിലുമായി രണ്ട് അന്തരീക്ഷച്ചുഴികള്‍ നിലനില്‍ക്കുന്നുണ്ട്. ഇതുമൂലം രണ്ടു ദിവസമായി തെക്കന്‍ കേരളത്തിലടക്കം മിക്കയിടത്തും മഴ ലഭിക്കുന്നുണ്ട്. ചിലയിടത്ത് ഇടിയോടുകൂടിയ കനത്ത മഴയും. വ്യാഴാഴ്ച രാവിലെ സംസ്ഥാനത്ത് പലയിടത്തും മഴ ലഭിക്കും. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ലക്ഷദ്വീപിലും ശക്തമായ മഴ ലഭിക്കും.

Possibility of Heavy rain , Kerala, news.