നരേന്ദ്ര മോദി പറഞ്ഞ വാക്ക് പാലിക്കുന്നില്ല; കേരളം ആര്‍ക്കു മുമ്പിലും തോല്‍ക്കില്ല -പിണറായി വിജയന്‍


ദുബൈ: ഒക്ടോബര്‍ 19.2018. പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിന് മന്ത്രിമാരുടെ വിദേശ യാത്രാനുമതി നിക്ഷേധിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദുബൈ ഊദ്‌മേത്തയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് കേന്ദ്രത്തിനെതിരെ പിണറായി വിമര്‍ശനം ഉന്നയിച്ചത്. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിദേശ യാത്രക്ക് അനുമതി നല്‍കാമെന്ന് ആദ്യം സമ്മതിച്ചിരുന്നതായിരുന്നു. എന്നാല്‍ പിന്നീട് നിഷേധിക്കുകയാണുണ്ടായത്. ഇത് എന്തുകൊണ്ടാണെന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പറഞ്ഞ വാക്കിന് വിലയില്ലാത്തവരെ എങ്ങനെയാണ് വിശ്വസിക്കാനാവുക. ഇപ്പോള്‍ കൂടുതല്‍ പറയുന്നില്ല. കക്ഷി രാഷ്ട്രീയമല്ല നാടിന്റെ താല്‍പര്യം ആണ് ഇപ്പോള്‍ പ്രധാനം. പറയേണ്ട കാര്യങ്ങള്‍ പിന്നീട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ഇനിയും സര്‍ക്കാര്‍ ഭരണത്തിലുണ്ട്. കേരളത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടത് ചെയ്യാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. കക്ഷി രാഷ്ട്രീയമല്ല, നാടിന്റെ താൽപര്യമാണ് പ്രധാനം. പുനര്‍നിര്‍മാണം ആരും തടയാന്‍ നോക്കേണ്ട. എല്ലാം മറികടന്ന് പുനര്‍നിര്‍മാണവുമായി മുന്നോട്ട് പോകും. കേരളം ആര്‍ക്കു മുമ്പിലും തോല്‍ക്കില്ലെന്നും പിണറായി പറഞ്ഞു. 
പ്രളയ കാലത്ത് ആരാധനാലയങ്ങള്‍ എല്ലാവര്‍ക്കുമായാണ് തുറന്നിട്ടത്. ഇത് കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. കേരളത്തിന്റെ മതേതര മനസ് കാത്ത് സൂക്ഷിച്ചാല്‍ ഏത് വെല്ലുവിളിയും നേരിടാനാവും. പ്രളയത്തില്‍ തകര്‍ന്ന മുഴുവന്‍ വീടുകളും പുനര്‍നിര്‍മിക്കും. ഇതിനായി ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനാണ് തീരുമാനം. 6,66,000 പേര്‍ക്ക് പതിനായിരം വീതം താല്‍ക്കാലിക ദുരിതാശ്വാസ തുക കൈമാറിയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തെ കരകയറ്റാൻ ലോകത്താകെയുള്ള മലയാളികൾ കൈകോർത്താൽ നിഷ്പ്രയാസം സാധിക്കുമെന്ന് അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിലെ പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തത്തെ അതിജീവിക്കാൻ വേണ്ടത്ര പണം കേന്ദ്രത്തിൽനിന്നു ലഭിക്കുന്നില്ല. വായ്പയെടുക്കാനും പരിമിതികളുണ്ട്. തന്റെ നാട് പ്രതിസന്ധിയിലാണെന്ന് ഓരോ മലയാളിയും തിരിച്ചറിയണം. കേരളത്തിനു നേർക്ക് ആദ്യം സഹായഹസ്തം നീട്ടിയതു യുഎഇയാണ്. കേരളത്തിന്റെ നഷ്ടം തങ്ങളുടെ നഷ്ടമായാണ് ഈ രാജ്യം കാണുന്നതെന്നും പിണറായി പറഞ്ഞു.

Dubai, Gulf, news, ദുബായ്, ഗൾഫ്, Pinarayi Vijayan, Pinarayi Vijayan against Narendra modi.