ഗാന്ധിജയന്തി ദിനത്തില്‍ കുമ്പള റെയില്‍വേ സ്റ്റേഷന്‍ വൃത്തിയായി; അധികാരികള്‍ ശ്രദ്ധിക്കുമോ?കുമ്പള: ഒക്ടോബര്‍ 07.2018. കാട് മൂടിക്കിടന്ന് ശോചനീയാവസ്ഥയിലായിരുന്ന കുമ്പള റെയിൽവേ സ്റ്റേഷൻ കാട് വെട്ടിത്തെളിച്ചതോടെ മുഖച്ഛായ തന്നെ മാറി. ഒക്ടോബർ രണ്ട് ഗാന്ധിജയന്തിയോടനുബന്ധിച്ച് കുമ്പള സാഗർ വായനശാല ജനമൈത്രി പോലീസുമായി ചേർന്ന് ജി.എച്ച്.എസ്‌.എസ്‌ കുമ്പളയിലെ എൻ.എസ്‌.എസിന്റെ സഹായത്തോടെ നടത്തിയ ശുചീകരണത്തിലാണ് കാട് മൂടി കാണാത്ത നിലയിലുണ്ടായിരുന്ന റെയിൽവേ സ്റ്റേഷനെ ദേശീയ പാതയിൽ നിന്ന് കാണുന്ന രൂപത്തിലാക്കിയത്.

ദേശിയ പാതയ്ക്ക് സമീപം കുമ്പള പട്ടണത്തോട് ചേർന്ന് കിടക്കുന്ന റെയിൽവേ സ്റ്റേഷൻ എന്ന നിലയിലും ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വരുമാനമുള്ള സ്റ്റേഷൻ എന്ന നിലയിലും പ്രധാനപ്പെട്ട സ്ഥാനം കുമ്പള റെയിൽവേ സ്റ്റേഷനുണ്ട്. എന്നാലും ഭൗതിക സാഹചര്യത്തിൽ ഏറെ പിന്നിലാണ് ഇതിന്റെ സ്ഥാനം. പാർക്കിങ്ങിന് സ്ഥലമില്ലാതെ വീർപ്പുമുട്ടുന്ന ഇവിടെ വൃത്തിയാക്കിയതോടെ വിശാലമായ സ്ഥല സൗകര്യമാണ് വാഹനം നിർത്തിയിടാൻ ലഭിച്ചിരിക്കുന്നത്. ഈ ഭാഗം ഇന്റർലോക്ക് ചെയ്ത് വികസിപ്പിച്ചാൽ കുമ്പള റെയിൽവേ സ്റ്റേഷന്റെ മുഖച്ചായ തന്നെ മാറും. കൂടാതെ ഇവിടെ നിർത്തിയിട്ടിരിക്കുന്ന ഇരു ചക്ര വാഹനങ്ങൾ മോഷണം പോകുന്നതും പതിവാണ്. അതിന് സി.സി.ക്യാമറയും സ്ഥാപിക്കേണ്ടതുണ്ട്.

ഇത്തരം വിഷയങ്ങളിലും മറ്റും ജന പ്രതിനിധികൾ ഇടപെട്ട് സമ്മർദ്ധം ചെലുത്തിയാൽ കുമ്പളയുടെ വികസനത്തിന് മുതൽകൂട്ടാവും. റെയിൽവേക്ക് ഏറ്റവും കൂടുതൽ ഭൂമിയുള്ള സ്റ്റേഷൻ എന്ന പ്രത്യേകതയും ഇവിടെയുണ്ട്. ആഴ്ചകൾക്ക് മുമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ തിരുവനന്തപുരം കൊച്ചുവേളി മാതൃകയിൽ കുമ്പള റെയിൽവേ സ്റ്റേഷനെ സാറ്റലൈറ്റ് സ്റ്റേഷനായി ഉയർത്തണം എന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു.

കാസർഗോഡ് റെയിൽവേ സ്റ്റേഷൻ ടൗണിൽ നിന്ന് ദൂരെയായതിനാൽ കാസർഗോഡ് ഇറങ്ങേണ്ട ആളുകൾ പോലും ഇവിടെയാണ് ഇറങ്ങുക. അതിനാൽ റെയിൽവേ സ്റ്റേഷനടുത്ത് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾക്ക് സ്റ്റോപ്പ് അനുവദിക്കുകയും ചെയ്യണമെന്നതും ദീർഘകാലത്തെ ആവശ്യമാണ്. അതിനും ഇതു വരെ നടപടി ആയിട്ടില്ല. നിലവിൽ കുമ്പളയിൽ ബസ് സ്റ്റാന്റിൽ മാത്രമാണ് സ്റ്റോപ്പുള്ളത്.Kumbla, Kasaragod, Kerala, news, alfalah ad, Need for improvement of Kumbla railway station.