തോട്ടത്തിൽ കാട് വെട്ടാൻ പോയ ജമാഅത്ത് പ്രസിഡണ്ട് ദുരൂഹ സാഹചര്യത്തിൽ കുളത്തിൽ മരിച്ച നിലയിൽ


കുമ്പള • തോട്ടത്തിൽ കാട് വെട്ടാൻ പോയ ജമാഅത്ത് പ്രസിഡണ്ട് ദുരൂഹ സാഹചര്യത്തിൽ കുളത്തിൽ മരിച്ച നിലയിൽ. കൊടിയമ്മ ജമാഅത്ത് പ്രസിഡണ്ട് മൂസ പള്ളത്തിമാറിനെ (75) യാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച വൈകുന്നേരം 5.30 ഓടെ സ്വന്തം തോട്ടത്തിൽ കാട് വെട്ടുന്ന യന്ത്രവുമായി പോയ മൂസ ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനാൽ വീട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ അഗ്‌നിശമന സേനയുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനിടെ രാത്രി പത്തരയോടെ തോട്ടത്തിലെ കുളത്തിൽ ചളിയിൽ പൂണ്ട നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. രക്തം വാർന്ന നിലയിലാണ് മൃതദേഹം പുറത്തെടുത്തത്. അരയിൽ ബന്ധിച്ച കാടുവെട്ടി യന്ത്രവും അപ്രത്യക്ഷമായത് മരണത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു.

കുമ്പള എസ് ഐ ടി.വി.അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കാസറഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഭാര്യ: ഹവ്വാമ്മ, മക്കൾ: ജലീൽ, സലാം, നസീമ (കുമ്പള പഞ്ചായത്ത് മുൻ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ), ഉമ്മാലി, സൈനബ്, സഫിയ.

moosa-pallathimar-passed-away-kodiyamma-news-kumbla.jpg