ബദിയടുക്ക പീഡനം; അന്വേഷണദ്യോഗസ്ഥനെ മാറ്റണം : ഡി.വൈ.എഫ്.ഐ


ബദിയടുക്ക: ഒക്ടോബര്‍ 04.2018. ബദിയടുക്ക പീഡനകേസിലെ മുഖ്യപ്രതി പോലീസില്‍ കീഴടങ്ങിയെങ്കിലും കേസ് അന്വേഷണം ദുര്‍ബലമാക്കി പ്രതിയെ രക്ഷപ്പെടുത്താനും ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച ഇരുണ്ട കൈകളെ പുറത്തുകൊണ്ടുവരാതെ സംരക്ഷിക്കുന്ന രീതിയിലാണ് നിലവിലുള്ള സ്ഥിതി. ഈ സംഭവം കണക്കിലെടുത്ത് കേസന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി നിഷ്പക്ഷമായ അന്വേഷണം നടത്തി പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങികൊടുക്കാനും പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തി കേസ് ദുര്‍ബലമാക്കാന്‍ പ്രവര്‍ത്തിച്ചവരെ കേസില്‍ ഉള്‍പ്പെടുത്താനും പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ഡി.വൈ.എഫ്.ഐ ബദിയടുക്ക, നീര്‍ച്ചാല്‍ മേഖലാ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു. 

ഇതു സംബന്ധിച്ച് കേസന്വേഷണത്തിന് ആവശ്യമായ വിവരങ്ങള്‍ അടങ്ങുന്ന നിവേദനം തയ്യാറാക്കി മുഖ്യമന്ത്രിക്കും ആഭ്യന്തരമടക്കമുള്ള ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കും ഡി.വൈ.എഫ്.ഐ ഫാക്സയച്ചു. ആഗസ്ത് പതിനാലാം തീയ്യതിയാണ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതി പ്രകാരം ബദിയടുക്കയിലെ സുഹറാബി, ഭര്‍ത്താവ് അബൂബക്കര്‍ എന്നിവര്‍ക്കെതിരെ പോക്സോ പ്രകാരം ബദിയടുക്ക പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ അമ്പത് ദിവസക്കാലം സ്ത്രീയായ മുഖ്യപ്രതി നാട്ടില്‍ ചുറ്റികറങ്ങിയിട്ടും അറസ്റ്റ് ചെയ്യാതെ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യമെടുക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കാനുള്ള ജോലിയാണ് പോലീസ് നടത്തിയത്. കോടതി ജാമ്യാപേക്ഷ തള്ളിയിട്ടും കൃത്യമായ വിവരമുള്ള പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തില്ല. ഡി.വൈ.എഫ്.ഐ. ശക്തമായ തുടര്‍ സമരത്തിലേക്ക് നീങ്ങിയതോടെയാണ് പോലീസും പ്രതിഭാഗവും ഒത്തുകളിയുടെ ഭാഗമായി കീഴടങ്ങിയത്. 

പ്രതിയെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്യരുതെന്നും കസ്റ്റഡിയില്‍ എടുക്കരുതെന്നുമുള്ള നിബന്ധനക്കനുസരിച്ചാണ് ഈ തീരുമാനമെടുത്തതെന്ന് ആരോപണമുണ്ട്. പ്രതികളുടെ ഭാഗത്ത് നിന്ന് ചില രാഷ്ട്രീയ പാര്‍ട്ടിനേതാക്കളും വ്യാപാര രംഗത്തുള്ളവരും ആദ്യം മുതല്‍ തന്നെ ചൈല്‍ഡ് ലൈനിലും പോലീസിലും സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായുള്ള ആരോപണം ശക്തമായിരുന്നു. ഇത് ശരിവെക്കുന്ന രീതിയിലായിരുന്നു പോലീസിന്‍റെ ഓരോ നീക്കങ്ങളെന്നും ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി. റിമാണ്ടിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്താല്‍ പെണ്‍വാണിഭമടക്കമുള്ള മറ്റു സംഭവങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ കഴിയുമെന്ന് ഡി.വൈ.എഫ്.ഐ കരുതുന്നത്. 

കേസ് ശരിയായ ദിശയിലേക്ക് നീങ്ങിയാല്‍ പകല്‍ മാന്യന്‍മാരായി നടക്കുന്ന പല പ്രമുഖരും കുടുങ്ങും. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് കേസ് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരിലടക്കം സമ്മര്‍ദ്ദം ചെലുത്തികൊണ്ടിരുന്നത്. ഈ സമ്മര്‍ദ്ദം തുടരന്വേഷണത്തിലും ഉണ്ടാകുമെന്ന ഗൗരവം കണക്കിലെടുത്താണ് ഡി.വൈ.എഫ്.ഐ അന്വേഷണദ്യോഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെടുന്നത്.