പെൺകുട്ടിയെ പീഢിപ്പിക്കാൻ ശ്രമം; കുമ്പളയിൽ സംഭവം പുകയുന്നു


കുമ്പള: ഒക്ടോബർ 02 .2018 . പെൺകുട്ടിയെ പീഢിപ്പിക്കാൻ  ശ്രമിച്ച സംഭവം കുമ്പളയിൽ പുകയുന്നു. കഴിഞ്ഞ ദിവസമാണ് ക്ലാസ് വിട്ട് പോവുകയായിരുന്ന പെൺകുട്ടിയെ കുമ്പള ദേവി നഗറിനടുത്ത് ആളൊഴിഞ്ഞ സ്ഥലത്തു വച്ച് സാഗർ എന്ന യുവാവ് ഒരു കടയുടെ പിൻവശത്ത് ബലമായി പിടിച്ചു കൊണ്ടുപോയി പീഢിപ്പിക്കാൻ ശ്രമിച്ചത്. കുതറിയോടിയ പെൺകുട്ടി അമ്മാവനെ വിളിച്ച് സംഭവം വിവരിക്കുകയായിരുന്നു. 

അമ്മാവന്റെ പരാതിയിൽ കുമ്പള പൊലീസ് യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. ആറു മാസമായി സ്കൂൾ വിട്ട് ഒറ്റയ്ക്ക് നടന്നു പോകുമ്പോൾ ഇയാൾ തന്നെ തടഞ്ഞു നിർത്തി സംസാരിക്കാൻ ശ്രമിക്കുന്നതായി  പെൺകുട്ടി പറയുന്നു. ആദ്യമൊക്കെ സൗഹൃദ  സംഭാഷണത്തിന് ശ്രമിക്കുകയും പിന്നീട് മൊബൈൽ ഫോണിൽ കത്തിയുടെ ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി ഇയാളോടൊപ്പം പോകാൻ ആവശ്യപ്പെടുകയും ചെയ്തുവത്രെ.  വീട്ടിൽ പറഞ്ഞാൽ കൊല്ലുമെന്നായിരുന്നു ഭീഷണി. പതിവുപോലെ  കഴിഞ്ഞ ദിവസവും ക്ലാസ് വിട്ട്  വരുമ്പോഴാണ് വഴിയിൽ വച്ച്  കുട്ടിയെ പിടികൂടി കടയുടെ പിന്നിൽ  കൊണ്ടുപോയി പീഢിപ്പിക്കാൻ ശ്രമിച്ചത്. 

പൊലീസിൽ പരാതി നൽകിയിട്ടും നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. നേരത്തെ റൗഫ് എന്ന യുവാവിനെ കുത്തിയ കേസിലും സാഗർ പ്രതിയാണത്രെ. സമാന രീതിയിൽ മറ്റു ചില കുട്ടികൾക്കെതിരെയും ഇയാൾ കൈയേറ്റ ശ്രമം നടത്തിയിട്ടുണ്ടെങ്കിലും അക്രമം ഭയന്ന് അവരാരും പൊലീസിൽ പരാതിപ്പെട്ടിട്ടില്ലെന്നാണ് വിവരം. അതേ സമയം സംഭവം ചൈൽഡ് ലൈനിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചൈൽഡ് ലൈൻ അന്വേഷണവും ഉണ്ടാകുമെന്നാണ് സൂചന.

Molestation attempt in Kumbla, Kumbla, Kasaragod, Kerala, news.