വിടപറഞ്ഞത് ലാളിത്യം മുഖമുദ്രയാക്കിയ ജനകീയ നേതാവ്


ഒക്ടോബര്‍ 20.2018. സാമ്പത്തികമായും സാമൂഹികമായും പലർക്കും അപ്രാപ്യമായ രീതിയിൽ ഉന്നതിയുടെ ഉത്തുംഗതയിൽ വിരാചിക്കുമ്പോഴും സാധാരണക്കാരന്റെ തോളിൽ കയ്യിട്ടും സ്കൂട്ടറിന്റെ പിറകിൽ ഇരുന്ന് യാത്രചെയ്തും ഇത്ര സിമ്പിളാവാൻ റദ്ദുച്ചാ... നിങ്ങൾക്കല്ലാതെ മറ്റാർക്കാണ് കഴിയുക!!
ലാളിത്യം മുഖമുദ്രയാക്കിയ ഒരു ജനകീയ നേതാവായിരുന്നു അങ്ങ് . ജനഹൃദയങ്ങളിൽ ജീവിച്ചുകൊണ്ടിരിക്കെ തന്നെ അനുവാദം ചോദിക്കാതെയുള്ള അങ്ങയുടെ വിടവാങ്ങൽ എങ്ങനെയാണ് ഞങ്ങൾക്ക് ഉൾക്കൊള്ളാനാവുക??

ഒരു എം.എൽ.എ എന്ന നിലയിൽ  തുളുനാടിന് അങ്ങ് പകർന്ന് നൽകിയ സ്നേഹവും വികസനവും തങ്കലിപികളാൽ കുറിക്കപ്പെടുമെന്നതിൽ ആർക്കാണ് രണ്ട് അഭിപ്രായമുള്ളത്. കാലങ്ങളായി കാൽനടപോലും ദുസ്സഹമായിരുന്ന പല ഉൾറോഡുകൾ പോലും മിനുമിനുസമുള്ളതാക്കിയ താങ്കളെ ആർക്കാണ് മറക്കാനാവുക ??

അഴിമതി കൊടികുത്തി വാഴുന്ന ഇന്നിന്റെ ആസുരകാലത്ത്  സ്വന്തം ശമ്പളം പോലും നിരാലംബർക്കായി നീക്കിവെച്ച റദ്ദുച്ച അക്ഷരാർത്ഥത്തിൽ ഒരു വിസ്മയം തന്നെയായിരുന്നു. രാഷ്ട്രീയത്തിലുപരി വ്യക്തിബന്ധങ്ങക്ക് ഏറെ വിലകൽപിച്ച അങ്ങ് ഒരു മാതൃകാപുരുഷൻ തന്നെയായിരുന്നു.

ഇശലിന്റെ തോഴനായ റദ്ദുച്ച ഇശൽഗ്രാമമായ മൊഗ്രാലിനോട് എന്നും പ്രത്യേക മമതയാണ് വെച്ച് പുലർത്തിയിരുന്നത്. പ്രതിസന്ധി ഘട്ടത്തിൽ അദ്ദേഹത്തിന് ഏറ്റവും  കൂടുതൽ ഭൂരിപക്ഷം സമ്മാനിച്ച ഒരു ഗ്രാമമായത്കൊണ്ട് മാത്രമായിരുന്നില്ല ഇത്. ഈ ഗ്രാമത്തിന്റെ സുന്ദരമായ ചരിത്രവും പൈതൃകവും റദ്ദുച്ചയെ ഏറെ ആകർഷിച്ചത് കൊണ്ട് കൂടിയാണ്. അത്കൊണ്ട് തന്നെയാവാം സർക്കാരിന്റെ മികവിന്റെ കേന്ദ്രത്തിൽ ഉൾപ്പെടുത്തി തന്റെ മണ്ഡലത്തിലെ ഒരു സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ തീരുമാനിച്ചപ്പോൾ മൊഗ്രാൽ സ്കൂളിനെ തെരഞ്ഞെടുക്കാൻ അദ്ദേഹത്തിന് രണ്ടുവട്ടം ആലോചിക്കേണ്ടിവരാത്തതും !!

കാസറഗോഡിന് ശോഭ പകർന്നിരുന്ന സൂര്യചന്ദ്രാദികൾ ഒന്നിന് പിറകെ മറ്റൊന്നായി അസ്തമിക്കുമ്പോൾ വികസനം ദാഹിക്കുന്ന ഈ ജില്ലയുടെ പ്രതീക്ഷകൾക്കാണ് മങ്ങലേറ്റുകൊണ്ടിരിക്കുന്നത്.
അത്യുത്തര കേരളത്തിന്‌ നികത്താനാവാത്ത നഷ്ടം വിതച്ച് കൊണ്ട് കർമവീഥിൽ ജ്വലിച്ച് കൊണ്ടിരിക്കെതന്നെ അല്ലാഹുവിന്റെ അലംഘനീയമായ വിധിക്ക് മുന്നിൽ ഞങ്ങളുടെ പ്രിയപ്പെട്ട റദ്ദുച്ച കീഴടങ്ങിയിരിക്കുന്നു. അശരണർക്കായി തന്റെ മടിശ്ശീല തുറന്ന് വെച്ച് റദ്ദുച്ച ഞങ്ങളോടൊപ്പം തന്നെയുണ്ടെന്ന് ഞങ്ങൾ വിശ്വസിച്ചോട്ടെ...
അള്ളാഹു അവന്റെ സ്വർഗ്ഗ പൂങ്കാവനത്തിൽ 
റദ്ദുച്ചയോടൊപ്പം  നാമേവരെയും ഒരുമിച്ച് കൂട്ടട്ടെ ...ആമീൻ 

ടി.കെ. അൻവർ മൊഗ്രാൽ

M.L.A P.B Abdul Rasaq no more, article, ലേഖനം, P.B Abdul Rasaq.