മക്ക-മദീന അതിവേഗ ട്രെയിന്‍ സര്‍വീസ് വ്യാഴാഴ്ച തുടങ്ങും


ജിദ്ദ: ഒക്ടോബര്‍ 10.2018. മക്ക-മദീന അല്‍ ഹറമൈന്‍ അതിവേഗ ട്രെയിന്‍ സര്‍വീസ് വ്യാഴാഴ്ച ആരംഭിക്കും. ആദ്യസര്‍വീസില്‍ യാത്രചെയ്യാന്‍ മലയാളികള്‍ ഉള്‍പെടെ ടിക്കറ്റ് എടുത്ത് കാത്തിരിക്കുകയാണ് യാത്രികര്‍. ഭൂരിഭാഗം ടിക്കറ്റുകളും ഇതിനകം വിറ്റുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച മദീനയില്‍ നിന്ന് മക്കയി ലേക്ക് പോകാന്‍ നിരവധി പേര്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ട്രെയിന്‍ മണിക്കൂറില്‍ മുന്നൂറ് കിലോ മീറ്റര്‍ വേഗതയില്‍ ഓടും. 

മക്ക-മദീന നഗരങ്ങളെ ജിദ്ദ വഴി ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിന്‍ സര്‍വീസ് കഴിഞ്ഞ ആഴ്ചയാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് രാജ്യത്തിന് സമര്‍പ്പിച്ചത്. വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും സര്‍വീസുകള്‍ ഉണ്ടാവുക. അടുത്ത വര്‍ഷം മുതല്‍ മുഴുവന്‍ ദിവസങ്ങളിലും സര്‍വീസുകള്‍ ഉണ്ടാകും എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രാവിലെ എട്ടിനും വൈകുന്നേരം അഞ്ച് മണിക്കുമായി ദിവസവും രണ്ടു സര്‍വീസുകളാണ് മക്കയില്‍ നിന്നും മദീനയില്‍ നിന്നും ഉണ്ടാവുക. 

href='http://www.hhr.sa/' എന്ന വെബ്സൈറ്റ് വഴി ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. മക്ക, മദീന, ജിദ്ദ, റാബഖ് എന്നീ സ്റ്റേഷനുകളിലും ടിക്കറ്റ് ലഭ്യമാണ്. വെള്ളിയാഴ്ച പ്രാര്‍ഥനക്ക് ഹറമിലെത്താന്‍ ജിദ്ദയില്‍ നിന്ന് നിരവധി പേര്‍ മക്കയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. ഈ അതിവേഗ ട്രെയിനിന് ലോക നിലവാരത്തിലുള്ള അത്യാധുനിക സൗകര്യങ്ങളുണ്ട്. ട്രെയിന്‍ സംബന്ധമായ മുഴുവന്‍ വിവരങ്ങളും അറിയാന്‍ 920004433 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാവുന്നതാണ്.

news, alfalah ad, Jeddah, Train, Mecca-Madinah Al-Haramain high speed train will begin on Thursday.