ഇടുക്കിയിൽ ഉരുൾപൊട്ടൽ; നിരവധി വീടുകൾക്ക് കേടുപാടുണ്ടായി


ഇടുക്കി: ഒക്ടോബര്‍ 07.2018. ഇടുക്കിയിലെ കുമളിക്ക് സമീപം ഒട്ടകത്തലമേട്ടിൽ ഉരുൾപൊട്ടി. നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. ഉരുൾപൊട്ടി സമീപത്തെ തോട് കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറുകയായിരുന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ഇന്നലെ വൈകീട്ട് മുതൽ കുമളി മേഖലയിൽ ശക്തമായ മഴയായിരുന്നു. തുടർന്നാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം കടുത്ത സാഹചര്യത്തിലാണ് മഴയ്ക്കുള്ള സാധ്യതകള്‍ വര്‍ധിച്ചത്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സെൽ പ്രവർത്തനം തുടങ്ങി.

മുൻകരുതലിന്റെ ഭാഗമായി കെഎസ്ഇബി 13 ഡാമിന്റെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. ഇന്നത്തെ കാലാവസ്ഥ റിപ്പോർട്ടുകൾ അനുസരിച്ചായിരിക്കും ഷട്ടർ അടയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് കെഎസ്ഇബി അറിയിച്ചു.
ന്യൂനമർദ്ദം ശക്തിപ്പെട്ട് ഒമാൻ തീരത്തേക്ക് നീങ്ങുമെങ്കിലും ഇതിന്റെ സ്വാധീനം മൂലം ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിൽ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. ഈ ജില്ലകളിൽ ഓറഞ്ച് അലേർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala, news, Land slide in Idukki; Many houses damaged.