കാസറഗോഡ് ശക്തമായ കാറ്റും ഇടിയും മഴയും; മൊബൈല്‍ ടവര്‍ തകര്‍ന്നു; മൂന്നോളം കാറുകള്‍ക്ക് കേടുപാടുണ്ടായി


കാസറഗോഡ്: ഒക്ടോബര്‍ 04.2018. കാസര്‍കോട്ട് നാശനഷ്ടം വിതച്ച്‌ കാറ്റും ഇടിയും മഴയും. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് കാസറഗോഡ് ജില്ലയിലെ പല സ്ഥലത്തും ശക്തമായ കാറ്റോടു കൂടിയ മഴയുണ്ടായത്. കനത്ത ഇടിമിന്നലും ഉണ്ടായി.

കാസറഗോഡ് പുതിയ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തെ വ്യാപാര സ്ഥാപനത്തിന്റെ മേല്‍ക്കൂര പറന്നു പോയി തൊട്ടടുത്ത കെട്ടിടത്തില്‍ പതിച്ചു. കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ച മൊബൈല്‍ ടവറും നിലം പൊത്തി. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ഐവ സില്‍ക്സിന്റെ കെട്ടിടത്തിനും കമ്പി വന്ന് വീണ് കേടുപാട് സംഭവിച്ചു. ഐവയുടെ പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്നോളം കാറുകള്‍ക്ക് ഭാഗികമായി കേടുപാടുണ്ടായി. ഇരുചക്രവാഹനങ്ങള്‍ ഉള്‍പെടെ നിരവധി വാഹനങ്ങള്‍ ഇവിടെ നിര്‍ത്തിയിട്ടിരുന്നുവെങ്കിലും അവയ്ക്ക് മുകളില്‍ ഷീറ്റ് വീഴാതിരുന്നത് കൊണ്ട് നാശനഷ്ടം ഒഴിവായി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം കോട്ടക്കണ്ണിയില്‍ മരം വീണു. തുടര്‍ന്ന് ഗതാഗതം ഏറെ നേരം സ്തംഭിച്ചു.

Kasaragod, Kerala, news, Rain, Mobile Tower, Heavy rain and wind in Kasaragod.