ഉപതെരഞ്ഞെടുപ്പ്‌; ലീഗിന്റെ പ്രഥമ പരിഗണന സി.ടി.ക്ക്, എ.കെ.എ മ്മും സജീവ പരിഗണനയിൽ


മഞ്ചേശ്വരം: ഒക്ടോബര്‍ 23.2018. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്കള്ള സ്ഥാനാർഥിയെക്കുറിച്ചുള്ള ചർച്ചകൾ ലീഗിൽ സജീവമാകുന്നു. അന്തരിച്ച എം.എൽ എ പി.ബി, അബ്ദുൽ റസാഖിന്റെ പിൻഗാമിയെ നിശ്ചയിക്കൽ അത്ര എളുപ്പമല്ലെങ്കിലും. കടുത്ത മത്സരം ഉറപ്പായ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ വിജയ സാധ്യതയുള്ള സ്ഥാനാർഥി തന്നെ വേണമെന്ന പൊതു വികാരമാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്.

അനുഭവസമ്പത്തും പൊതുസമ്മതിയും ഉള്ളവരെയായിരിക്കണം സ്ഥാനാർഥിയായി പരിഗണിക്കേണ്ടത് എന്നു തന്നെയാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ചെർക്കളവും പി.ബി.യും ഇല്ലാതെ മഞ്ചേശ്വരത്ത് തെരെഞ്ഞെടുപ്പ് നേരിടുമ്പോൾ ലീഗിന് ചങ്കിടിക്കുമെന്നതിൽ തർക്കമില്ല. എം.സി. ഖമറുദ്ദീനെ മാറ്റി നിർത്തിയാൽ ജില്ലാ ലീഗിന് ശക്തരായ നേതൃത്വത്തിന്റെ അഭാവമുണ്ടെന്നാണ് വിലയിരുത്തൽ. അതു കൊണ്ട് തന്നെ കടുത്ത മത്സരത്തിൽ വിജയിക്കുക എന്നത് ഏറ്റവും മികച്ച സ്ഥാനാർഥിയിലൂടെ മാത്രമേ  സാധ്യമാകുകയുള്ളൂ.

മുൻ മന്ത്രിയും ലീഗ് സംസ്ഥാന ട്രഷററുമായ സി.ടി. അഹമ്മദലിയാണ് സംസ്ഥാന നേതൃത്വം മഞ്ചേശ്വരത്തേക്ക് പരിഗണിക്കുന്നവരിൽ പ്രഥമൻ. സി.ടി. യുടെ ക്ലീൻ ഇമേജും സൗമ്യ ശീലവും മുതൽക്കൂട്ടാവുമെന്നാണ് കരുതുന്നത്. ദീർഘ കാലത്തെ അനുഭവ സമ്പത്തും സിടിക്കുണ്ട്. ലീഗിൽ നിന്നും പല കാരണങ്ങളാൽ അടുത്ത കാലത്ത് അകന്നുപോയ മുസ്ലിം വോട്ടുകൾ സി .ടി യിലൂടെ തിരിച്ചുപിടിക്കാമെന്നാണ് കണക്കുകൂട്ടൽ. ഇദ്ദേഹത്തിന്റെ സൗമ്യ സ്വഭാവവും മതേതര മുഖവും കൂടുതൽ ഗുണം ചെയ്യും. 

കൂടാതെ സുന്നി വോട്ടുകളിലെ  ചോർച്ച തടയാനും കഴിയുമെന്ന് കണക്കുകൂട്ടുന്നു. മലയോര മേഖലകളിൽ പ്രത്യേകിച്ചും എൻമകജെ, പുത്തിഗെ പഞ്ചായത്തുകളിൽ സാധരണക്കാർക്കും സുപരിചിതനാണ് എന്നതും സി.ടി.ക്ക് തന്നെ പ്രഥമ പരിഗണന നൽകാൻ കാരണമാകാം.

എന്നാൽ യുവാക്കൾക്കിടയിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമായ എ.കെ.എം അഷ്റഫിനെ  സ്ഥാനാർഥിയാക്കണമെന്ന ശക്തമായ വികാരമാണ് ഉള്ളത്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ ഉയർന്നു വന്ന നേതാവ് എന്ന നിലയിൽ മണ്ഡലത്തിലെ എം എസ് എഫിനും സംസ്ഥാന സെക്രട്ടറി ആയതിനാൽ യൂത്ത് ലീഗ് വിഭാഗങ്ങളിലും എ കെ എം തന്നെ മത്സരിക്കണമെന്ന താത്പര്യമാണുള്ളത്. മുസ്ലിം ലീഗിന്റെ കുത്തക മണ്ഡലമായിട്ടും ഒരിക്കൽ പോലും മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥികളെ പരിഗണിച്ചില്ലെന്ന പരാതി നേരത്തേയുണ്ട്. 

ജില്ലാ പഞ്ചായത്തിലേക്കും മറ്റും എം.സി. ഖമറുദ്ദീൻ, എ ജി സി ബഷീർ തുടങ്ങി ജില്ലയിലെ തെക്കെ അറ്റത്തുള്ളവർ മത്സരിച്ച് ജയിച്ച ചരിത്രം ഉള്ളതിനാൽ ഉപതെരെഞ്ഞെടുപ്പിൽ മണ്ഡലത്തിൽ  നിന്ന് തന്നെയുള്ളവരെ തന്നെ രംഗത്തിറക്കണമെന്ന വികാരം പ്രാദേശിക  ലീഗണികളിൽ  പ്രത്യക്ഷത്തിൽ തന്നെ  കാണാവുന്നതാണ്. ഈ സാഹചര്യത്തിൽ കന്നട തുളു ഭാഷാ സ്വാധീനം, പ്രാസംഗികൻ എന്ന അംഗീകാരം, ബ്ലോക്ക് പഞ്ചായത്ത് ഭരണത്തിൽ കാഴ്ചവെക്കുന്ന നേതൃ പാടവം, നാട്ടിലെ പ്രശ്നങ്ങളിൽ ഓടിയെത്തി ഇടപെടുന്ന ശീലം ഇതെല്ലാം ഏ.കെ.എം അഷ്റഫിന് ഗുണകരമാകും.

പാർലമെന്ററി രാഷ്ടീയത്തിൽ നിന്നും വിട പറഞ്ഞ സി.ടി. അഹമ്മദലി ഇനിയൊരങ്കത്തിന് സമ്മതം മൂളിയില്ലെങ്കിൽ നറുക്ക് എ .കെ.എം അഷ്റഫിന് തന്നെയാവും. ഇതിനിടയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി, ബഷീറിന്റെ പേര് ചില കോണുകളിൽ പറയപ്പെടുന്നുണ്ടെങ്കിലും കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ലീഗും കോൺഗ്രസും തമ്മിൽ തർക്കം നിലനിൽക്കുന്നതിനാൽ ജില്ലാ പഞ്ചായത്ത് ഘടനക്ക് മാറ്റം വരുന്ന ഒരു സാഹചര്യം ഉണ്ടാക്കുന്നതിൽ യു.ഡി.എഫ് നേതൃത്വത്തിന് താത്പര്യമുണ്ടാകാനിടയില്ല. 

കൂടാതെ ജില്ലാ പഞ്ചായത്തിലേക്ക് കുമ്പള ഡിവിഷനിൽ നിന്ന് മത്സരിക്കാൻ വീണ്ടും പുറത്തു നിന്ന് ആളെ ഇറക്കുമതി ചെയ്യേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ ലീഗ് മണ്ഡലം കമ്മിറ്റിക്ക് അത് അംഗീകരിച്ചു കൊടുക്കാനും സാധിക്കില്ല. നിലവിലെ ബ്ലോക്ക് - ജില്ലാ പഞ്ചായത്ത് ഘടനക്ക് മാറ്റം വരുത്തി മറ്റൊരു തിരെഞ്ഞെടുപ്പ് അടിച്ചേൽപിക്കേണ്ടെന്ന് ലീഗ് തീരുമാനിച്ചാൽ ജില്ലാ ലീഗ് വൈസ് പ്രസിഡൻറു ഖത്തർ കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റുമായ എസ്.എ, എം ബഷീറിനെയോ എം.സി. ഖമറുദ്ദീനെയോ പരിഗണിച്ചു കൂടായ്കയില്ല.

എന്തു തന്നെയായാലും തർക്കങ്ങൾ ഒഴിവാക്കി ഏറ്റവും ജയസാധ്യതയുള്ള  സ്ഥാനാർഥിയെയായിരിക്കും പാണക്കാട് തങ്ങൾ പ്രഖ്യാപിക്കുക എന്ന ശുഭ പ്രതീക്ഷയിലാണ് മഞ്ചേശ്വരത്തെ  സാധാരണ ലീഗ് പ്രവർത്തകർ.


എ.കെ.എം അഷ്‌റഫ്


എസ് എ എം ബഷീര്‍


Election; Leagues's priority for C.T Ahmad ALI, A.K.M Ashraf also in consideration, Manjeshwar, Kasaragod, Kerala, news, C.T Ahmad ALI, A.K.M Ashraf.