സംവിധായകനും നടനും നിർമാതാവുമായ തമ്പി കണ്ണന്താനം അന്തരിച്ചു


കൊച്ചി: ഒക്ടോബർ 02 .2018 . ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനും നിർമാതാവുമായ തമ്പി കണ്ണന്താനം (64) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയ്ക്ക് 1 മണിയോടെയായിരുന്നു അന്ത്യം. രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം, നാടോടി, ചുക്കാൻ, മാന്ത്രികം തുടങ്ങി പതിനഞ്ചിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഹദ്–ലൈഫ് ഓൺ ദ എഡ്ജ് ഓഫ് ഡെത്ത് (2001) എന്ന ഹിന്ദി ചിത്രവും സംവിധാനം ചെയ്തു. മൂന്നു ചിത്രങ്ങൾക്കു തിരക്കഥ നിർവഹിച്ചിട്ടുണ്ട്. അട്ടിമറി(1981), ഒലിവർ ട്വിസ്റ്റ് (2007) തുടങ്ങിയ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. സംവിധായകരായ ശശികുമാറിന്റെയും ജോഷിയുടെ സഹായിയായാണു ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. 1983ല്‍ ‘താവളം’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടു സ്വതന്ത്ര സംവിധായകനായി.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കണ്ണന്താനത്ത് ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ മകനായി 1953 ഡിസംബര്‍ 11നാണു തമ്പി കണ്ണന്താനം ജനിച്ചത്. കോട്ടയം എംഡി സെമിനാരി ഹയര്‍ സെക്കൻഡറി സ്‌കൂള്‍, സെന്റ് ഡൊമിനിക് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1986ല്‍ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ‘രാജാവിന്റെ മകൻ‍’ ആണ് പ്രശസ്തനാക്കിയത്. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഇത്. ചിത്രം നിർമിച്ചതും തമ്പിയായിരുന്നു.


മോഹൻലാലിന്റെ മകൻ പ്രണവും അഭിനയ രംഗത്തേക്കെത്തുന്നതും 2001ൽ തമ്പി സംവിധാനം ചെയ്ത ‘ഒന്നാമനി’ലൂടെയായിരുന്ന. 1980-90 കാലഘട്ടത്തിൽ ഒട്ടേറെ സൂപ്പർ ഹിറ്റുകൾ തമ്പി കണ്ണന്താനത്തിന്റേതായി പുറത്തുവന്നു. ആ നേരം അല്‍പ നേരം, ജന്മാന്തരം, ഫ്രീഡം എന്നിവയാണു തിരക്കഥ രചിച്ച ചിത്രങ്ങള്‍. 2004ല്‍ പുറത്തിറങ്ങിയ ‘ഫ്രീഡം’ ആണ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. അതിനു ശേഷം ചലച്ചിത്രരംഗത്തു സജീവമായിരുന്നില്ല.


തമ്പി കണ്ണന്താനം സംവിധാനം ചെയ്ത സിനിമകൾ:

പാസ്പോർട്ട് (1983), താവളം (1983), ആ നേരം അൽപദൂരം (1985), രാജാവിന്റെ മകൻ (1986), ഭൂമിയിലെ രാജാക്കന്മാർ (1987), വഴിയോരക്കാഴ്ചകൾ (1987), ജന്മാന്തരം (1988), പുതിയ കരുക്കൾ (1989), ഇന്ദ്രജാലം (1990), നാടോടി (1992), ചുക്കാൻ (1994), മാന്ത്രികം (1995), മാസ്മരം (1997), ഹദ്–ലൈഫ് ഓൺ ദ എഡ്ജ് ഓഫ് ഡെത്ത്, ഒന്നാമൻ (2002), ഫ്രീഡം (2004).
ഭാര്യ: കുഞ്ഞുമോള്‍. ഐശ്വര്യ, ഏയ്ഞ്ചല്‍ എന്നിവർ മക്കളാണ്. സംസ്കാരം നാളെ കാഞ്ഞിരപ്പള്ളിയില്‍.

Director Thambi Kannanthanam passes away, Kochi, Kerala, news, Obituary.