ഉപ്പളയിൽ വെച്ച് കാറിൽ നിന്നും ഒന്നേകാൽ കോടി രൂപ പിടിച്ചെടുത്ത സംഭവം; കാസറഗോഡും മംഗളൂരുവിലും വ്യാപക റെയ്ഡ്


മംഗളൂരു / കാസറഗോഡ് : ഒക്ടോബര്‍ 08.2018. ഉപ്പള ദേശീയ പാതയിൽ മംഗലാപരത്ത് നിന്നും കാസറഗോട്ടേക്ക് പോകുകയായിരുന്ന കാറിൽ നിന്നും ഒരു കോടി ഇരുപത് ലക്ഷം രൂപ പിടിച്ചെടുത്ത സംഭവത്തിന്റെ ചുവടു പിടിച്ച് മംഗളൂരുവിലെയും കാസറഗോട്ടെയും വിവിധ കേന്ദ്രങ്ങളിൽ കസ്റ്റംസ് ഒരേ സമയം റെയ്ഡ് നടത്തി. റെയിഡിൽ 1.5 കിലോഗ്രാം സ്വർണ്ണവും നിരവധി രേഖകളും കണ്ടെത്തി. 

കാസറഗോട്ടെ കോട്ട റോഡിലെ ഒരു വീട്ടിൽ നടത്തിയ തിരച്ചിലിലാണ് ഒളിപ്പിച്ചു വെച്ച നിലയിൽ  സ്വർണ്ണം കണ്ടെത്തിയത്. മംഗളുരുവിലെ ഒരു ജ്വല്ലറി ഷോപ്പിലും ഉടമയുടെ ഫ്ലാറ്റിലും റെയ്ഡ് നടത്തി.
സെപ്റ്റംബർ മുപ്പതിനാണ് ഉപ്പളയിൽ വെച്ച് കസ്റ്റംസ് അധികൃതർ കാർ തടഞ്ഞു നിർത്തി പരിശോധിക്കുകയും പിറകിലെ സീറ്റിനടിയിൽ നിന്നും ഒരു കോടി ഇരുപത് ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തത്. കാർ ഡ്രൈവർ കുന്നിൽ സ്വദേശി മുഹമ്മദ് ബഷീറിനെ (50) അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിൽ നിന്നും മംഗളുരുവിലെ കാർ സ്ട്രീറ്റിലെ  സ്വർണ്ണക്കടയുടമയായി മഹാരാഷ്ട്ര സ്വദേശി രാജേന്ദ്ര പവാറാണ് കടത്തിന് പിന്നിലെന്ന് കസ്റ്റംസ് മനസ്സിലാക്കുകയായിരുന്നു. 

ഞായറാഴ്ച വൈകിട്ടോടെ കസ്റ്റംസ് അധികൃതർ പവാറിന്റെ  കടയും ഫ്ലാറ്റും റെയ്ഡ് ചെയ്തെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
കാസറഗോട്ടെ ഒരു വാടക വീട്ടിൽ നടത്തിയ തെരച്ചലിൽ സംഗ്ലി സ്വദേശിയായ ഒരു സ്വർണ്ണപ്പണിക്കാരനെ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.
രാമചന്ദ്ര പാട്ടീൽ (27) ആണ് ഇപ്പോൾ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ളത്.

200 കോടിയിലധികം വരുന്ന കള്ളപ്പണ കള്ളക്കടത്ത് ഇടപാടാണ് ഈ സംഘത്തിലൂടെ നടന്നതെന്നാണ് കണക്കാക്കപ്പെടുന്നത്. ബിസിനസ് - രാഷ്ടീയ മേഖലയിലെ പ്രമുഖർ ഇതിൽ ഉൾപ്പെട്ടതായി സംശയിക്കുന്നു . ബദിയഡുക്കയിലെ രണ്ട് പ്രമുഖ രാഷ്ട്രീയ നേതാക്കൾ കസ്റ്റംസിന്റെ നിരീക്ഷണത്തിലാണത്രെ.

Mangalore, news, ദേശീയം, Customs raid, Gold, Cash, Custody, Customs raid in Manglore and Kasaragod.