പൊവ്വല്‍ എല്‍.ബി.എസ് എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ഥി സംഘട്ടനം; 70 പേര്‍ക്കെതിരെ കേസ്


ബോവിക്കാനം: ഒക്ടോബര്‍ 25.2018പൊവ്വല്‍ എല്‍.ബി.എസ് എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ഥി സംഘട്ടനം. തടയാനെത്തിയ പോലീസിനുനേരെ അക്രമവും കല്ലേറുമുണ്ടായി. ബുധനാഴ്ച ഉച്ചയോടെയാണ് അക്രമം, കല്ലേറില്‍ സി.ഐ.യുടെ കൈക്ക് പരിക്കേറ്റു. ആദൂര്‍ സി.ഐ. എം.എ മാത്യുവിന്റെ പരാതിയില്‍ ഏഴ് എസ്.എഫ്.ഐ പ്രവര്‍ത്തകരുള്‍പ്പെടെ കണ്ടാലറിയാവുന്ന 70 പ്രവര്‍ത്തകര്‍ക്ക് ആദൂര്‍ പോലീസ് കേസെടുത്തു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്. എസ്.എഫ്.ഐ പ്രവര്‍ത്തകരായ നിഥിന്‍, അംജാദ്, സൂരജ്, ശ്രീരാഗ്, വിഷ്ണു, അഭിജിത്ത്, കുബൈത്ത് എന്നീ ഏഴുപേര്‍ക്കെതിരേയും കണ്ടാലറിയാവുന്ന 63 പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസ്. പിടികൂടിയ മൂന്നുപേരെ കോടതി റിമാന്‍ഡ് ചെയ്തു. നിഥിന്‍, അംജാദ്, കുബൈത്ത് എന്നിവരാണ് റിമാന്‍ഡിലായത്. 
തിങ്കളാഴ്ച കോലേജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് നടന്നിരുന്നു. കെ.എസ്.യു-എം.എസ്.എഫ്. സഖ്യമാണ് വിജയിച്ചത്. തുടര്‍ന്ന് രാത്രി കോളേജ് ഹോസ്റ്റലില്‍വെച്ച് എം.എസ്.എഫ് പ്രവര്‍ത്തകനും ഫൈന്‍ ആര്‍ട്സ് സെക്രട്ടറിയുമായ അല്‍ത്താഫിനെയും സുഹൃത്ത് ഷാബിത് ഉസ്മാനെയും എസ്.എഫ്.ഐ.ക്കാര്‍ ആക്രമിച്ചതായി പരാതിയുണ്ടായിരുന്നു. കെ.എസ്.യു. പ്രവര്‍ത്തകനും മൂന്നാംവര്‍ഷ ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥിയുമായ കെ.ശ്രീഹരിക്കും ബുധനാഴ്ച ഉച്ചയ്ക്ക് കോളേജില്‍ വെച്ച് മര്‍ദനമേറ്റിരുന്നു. മര്‍ദനമേറ്റ ശ്രീഹരിയെ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 

വിദ്യാര്‍ഥി സംഘട്ടനം നടക്കുന്നതറിഞ്ഞ് ആദൂര്‍ സി.ഐ. എം.എ.മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം കോളേജില്‍ എത്തുകയായിരുന്നു. കല്ലും വടിയും മറ്റ് മാരകായുധങ്ങളുമായി കോളേജ് അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിന് മുന്നില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥികളോട് പിരിഞ്ഞുപോകാന്‍ സി.ഐ. ആവശ്യപ്പെട്ടു. തുടര്‍ന്ന് കൂടിനിന്ന വിദ്യാര്‍ഥികള്‍ പോലീസിനുനേരെ കല്ലെറിയുകയായിരുന്നു. അക്രമത്തിലേര്‍പ്പെട്ടവരെ പോലീസ് വിരട്ടിയോടിച്ചു. പ്രകോപനമില്ലാതെയാണ് പോലീസ് വിദ്യാര്‍ഥികളെ മര്‍ദിച്ചതെന്ന് എസ്.എഫ്.ഐ. യൂണിറ്റ് നേതാക്കള്‍ ആരോപിച്ചു.

Kasaragod, Kerala, news, L,B.S College, Stone pelting, Complaint, Case, Injured, Students, Conflict, Clash in Povval L.B.S College; case against 70.