ഉത്തർപ്രദേശിൽ ട്രെയിന്‍ പാളം തെറ്റി ഏഴു പേര്‍ മരിച്ചു; 30 ലേറെ പേര്‍ക്ക് പരിക്ക്
റായ്ബറേലി: ഒക്ടോബര്‍ 10.2018ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി ഏഴു പേര്‍ മരിച്ചു. 30 ലേറെ പേര്‍ക്ക് പരിക്കേറ്റു. റായ്ബറേലിയിലെ ഹര്‍ചന്ദ്പുര്‍ റെയില്‍വേ സ്‌റ്റേഷനു സമീപം ഇന്ന് രാവിലെ ആറോടെയാണ് ട്രെയിന്‍ പാളം തെറ്റിയത്. പശ്ചിമ ബംഗാളിലെ മാല്‍ദയില്‍ നിന്ന് ന്യുഡല്‍ഹിയിലേക്ക് പോകുന്ന ന്യൂ ഫറാക്ക എക്‌സ്പ്രസിന്റെ ആറു ബോഗികളാണ് പാളം തെറ്റിയത്. ഉച്ചയ്ക്ക് 2.30 ന് ഡൽഹിയിലെത്തേണ്ടതായിരുന്നു ട്രെയിൻ. അപകടത്തെ തുടർന്ന്  ഡോക്ടർമാർ ഉടൻ  തന്നെ സ്ഥലത്തെത്തി. ലക്നൗ, വാരാണസി എന്നിവിടങ്ങളിൽ നിന്നുള്ള എൻ.ഡി.ആർ.എഫ് ടീമുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടുക്കം രേഖപ്പെടുത്തി. ജില്ലാ മജിസ്‌ട്രേറ്റ്, പൊലീസ് സൂപ്രണ്ട്, ആരോഗ്യ വിഭാഗം അധികൃതര്‍ എന്നിവരോട് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വാരണാസി-ലഖ്നൗ റൂട്ടിലെ ട്രെയിനുകൾ നിർത്തിവച്ചിരിക്കുകയാണ്.


news, ദേശീയം, Obituary, 7 Dead, 30 Injured After Train Derails In Uttar Pradesh's Raebareli.