ദൂരപരിധി വ്യവസ്ഥകൾ ലംഘിച്ച് മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ടുകൾ മഞ്ചേശ്വരത്ത് നിന്നും പിടിച്ചെടുത്തു; 10 ലക്ഷം രൂപ പിഴയടപ്പിച്ചുകാസര്‍കോട്: ഒക്ടോബര്‍ 23.2018. കേരള മറൈന്‍ ഫിഷറീസ് നിയമത്തിലെ ദൂരപരിധി വ്യവസ്ഥകള്‍ ലംഘിച്ച് കരയോട് ചേര്‍ന്ന് മത്സ്യ ബന്ധനം നടത്തുകയായിരുന്ന കര്‍ ണ്ണാടക രജിസ്ട്രേഷനിലുളള അഞ്ച് മത്സ്യബന്ധന ബോട്ടുകള്‍ മഞ്ചേശ്വരം ഹൊസബെട്ടു, അഴിത്തല ഭാഗങ്ങളില്‍ നിന്നുമായി ഫിഷറീസ് വകുപ്പ് തീരദേശ പോലീസിന്റെ സഹായത്തോടെ പിടിച്ചെടുത്തു.

മഞ്ചേശ്വരം ഭാഗത്തു നിന്നും കോസ്റ്റല്‍ പോലീസ് സഹായത്തോടെ പിടികൂടിയ ഇര്‍ഫാന്‍, എ എന്‍ ആര്‍, പ്രിന്‍സ് ജീസസ്, നാഗലക്ഷ്മി എന്നീ പേരുകളിലുളള നാലു ബോട്ടുകള്‍ ഫിഷറീസ് വകുപ്പ് ഇമ്പൗണ്ടിംഗ് ഓഫീസറായ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.വി.സുരേന്ദ്രന്‍, ഫിഷറീസ് ജീവനക്കാരായ കെ.മോഹനന്‍, അഹമ്മദ് ഷഫീഖ് എന്നിവര്‍ കസ്റ്റഡിയില്‍ എടുത്തു. നാലു ബോട്ടുകളില്‍ നിന്നുമായി മത്സ്യം പിടിച്ചെടുത്ത് ലേലം ചെയ്ത വകയില്‍ 70,000 രൂപയും പിഴയായി ബോട്ട് ഒന്നിന് 2.50 ലക്ഷം രൂപ തോതില്‍ 10 ലക്ഷം രൂപയും അഡ്ജ്യൂഡിക്കേഷന്‍ ഓഫീസര്‍ കൂടിയായ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.അജിത പിഴ ചുമത്തി.

അഴിത്തലയില്‍ നിന്നും കോസ്റ്റല്‍ പോലീസ് എ എസ് ഐ മാരായ രാമചന്ദ്രന്‍, രാജന്‍ എന്നിവരുടെ നേതൃത്വത്തിലുളള പട്രോളിംഗ് സംഘം കര്‍ണ്ണാടക രജിസ്ട്രേഷനിലുളള ഒരു ബോട്ട് അനധികൃത മത്സ്യ ബന്ധനത്തിനിടെ പിടിച്ചെടുത്ത് ഫിഷറീസിന് കൈമാറി. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഫിഷറീസ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ കെ.വി.സുരേന്ദ്രന്‍, ഫിഷറീസ് ജീവനക്കാരായ കെ.മോഹനന്‍, അഹമ്മദ് ഷഫീഖ് കോസ്റ്റല്‍ റസ്‌ക്യൂ ഗാര്‍ഡ്മാരായ മനു, ധനീഷ് എന്നിവരായിരുന്നു ഫിഷറീസ് പ്രടോളിംഗ് സംഘത്തില്‍ ഉണ്ടായിരുന്നത്. 

ഫിഷറീസ് വകുപ്പ് കസ്റ്റഡിയില്‍ വാങ്ങിയ പ്രസ്തുത ബോട്ടിന് അനധികൃത മത്സ്യ ബന്ധനത്തിന്റെ പിഴയായി 2,50,000 രൂപയും മത്സ്യം ലേലം ചെയ്തതിന്റെ വിലയായ 62,000 രൂപയടക്കം 3,12,000 രൂപ ഒടുക്കിയ ശേഷം ബോട്ട് വിട്ടുനല്‍കി. അനധികൃത മത്സ്യബന്ധനത്തിന്റെ ഭാഗമായി ഒറ്റ ദിവസം തന്നെ പിഴയിനത്തില്‍ 13,82,000 രൂപ സര്‍ക്കാരിലേക്ക് ഒടുക്കി.
തുടര്‍ന്നുളള ദിവസങ്ങളിലും പട്രോളിംഗ് ശക്തമാക്കി അനധികൃത മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ പിടിച്ചെടുത്ത് പിഴ ചുമത്തുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.അജിത അറിയിച്ചു.

Kasaragod, Kerala, news, Fishing boat, Seized, 5 fishing boat seized for violated terms.