ശബരിമലയിൽ സ്ത്രീപ്രവേശനം ആകാം; സുപ്രീംകോടതി


ന്യൂഡൽഹി: സെപ്റ്റംബർ 28 .2018 . കേരളത്തിലെ അറിയപ്പെടുന്ന ശബരിമല ക്ഷേത്രത്തിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും അനുമതി നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാത്തത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി വിലയിരുത്തി. അതേസമയം, അഞ്ചംഗ ഭരണഘടനാ ‍ബെഞ്ചിലെ നാലു ജഡ്ജിമാർ ഒരേ അഭിപ്രായം കുറിച്ചപ്പോൾ ഏക വനിതാ ജഡ്ജിയായ ഇന്ദു മൽഹോത്ര വിയോജിച്ചു. അയപ്പ ഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ശാരീരിക അവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഭരണഘടനയുടെ 25 -ാം വകുപ്പ് തരുന്ന അവകാശങ്ങള്‍ക്ക് ജൈവീക, മാനസീക ഘടകങ്ങൾ തടസ്സമല്ലെന്നും കോടതി വിശദമാക്കി. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ സത്രീകളുടെ അവകാശങ്ങൾക്ക് എതിരാണെന്നും കോടതി വ്യക്തമാക്കി. ഹിന്ദു സ്ത്രീകളുടെ അവകാശം നിരോധിക്കുന്ന നടപടിയാണ് ശബരിമലയിലേതെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയിലെ തുല്യ അവകാശം എല്ലാവർക്കും ഒരു പോലെ കിട്ടണമെന്നും ഭരണഘടനയ്ക്ക് അനുസൃതമായുള്ള വ്യവസ്ഥകളേ അംഗീകരിക്കാനാവൂ എന്നും കോടതി വിശദമാക്കി. ശാരീരികാവസ്ഥയുടെ പേരിൽ സ്ത്രീകളോട് വിവേചനം പാടില്ല എന്നതായിരുന്നു ഹര്‍ജി നൽകിയ യംങ് ലോയേഴ്സ് അസോസിയേഷന്‍റെ വാദം.

ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് നിരീക്ഷിച്ചു. സ്ത്രീകളെ തരംതാഴ്ത്തുന്ന വിശ്വാസങ്ങൾക്ക് അംഗീകാരം നൽകാൻ കോടതിക്കു സാധിക്കില്ല. മതനിയമങ്ങൾ വച്ചു പുലർത്താൻ മതങ്ങൾക്ക് അധികാരമുണ്ട്. എന്നാൽ ഏതു രീതിയിലുള്ള മതനിയമങ്ങളും ഭരണഘടനയുമായി യോജിച്ചു പോകുന്നതായിരിക്കണമെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി. 
ഹർജിക്കാർ ഉയർത്തിയ പ്രശ്നങ്ങൾ എല്ലാ മതങ്ങളെയും ബാധിക്കുന്നതാണെന്നായിരുന്നു ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിധി. മതവികാരങ്ങൾ ഉൾപ്പെട്ട വിഷയങ്ങളിൽ കോടതി ഇടപെടാതിരിക്കുന്നതാകും അഭികാമ്യമെന്നും അവർ വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റൺ നരിമാൻ, എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരുൾപ്പെടുന്നതാണ് ബെഞ്ച്. ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനാണ് പ്രധാന ഹർജിക്കാർ. കഴിഞ്ഞ വർഷം ഒക്ടോബർ 13 നാണ് ശബരിമല കേസ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലേക്കു മാറ്റിയത്.

Sabarimala Temple Open To Women Of All Ages, Says Supreme Court, Kerala, news,  Sabarimala Temple, Supreme Court.