ഇന്ധന വില വര്‍ദ്ധന; മിനിമം ചാര്‍ജ്ജ് പത്ത് രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ്സുടമകള്‍കണ്ണൂര്‍: സെപ്റ്റംബര്‍ 21. 2018 • ദിനംപ്രതി അനിയന്ത്രിതമായി ഇന്ധന വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വിലവര്‍ദ്ധനവിന്റെ സാഹചര്യത്തില്‍ മിനിമം ചാര്‍ജ്ജ് പത്ത് രൂപയാക്കണമെന്ന ആവശ്യവുമായി സമരത്തിനൊരുങ്ങി സ്വകാര്യ ബസ്സുടമകള്‍. 30നകം തീരുമായില്ലെങ്കില്‍ സ്വകാര്യ ബസ്സുകള്‍ നിരത്തിലിറക്കില്ലെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് നികുതിയടക്കാന്‍ രണ്ട് തവണ സര്‍ക്കാര്‍ നീട്ടി നല്‍കിയ സമയം ഈ മാസം മുപ്പതിന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിനെ സമീപിക്കുന്നതിനും സമരത്തിനും മുന്നോടിയായി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ യോഗം ചെരുന്നത്.

നികുതി ബഹിഷ്‌ക്കരണവും ബസ് ഉടമകള്‍ ആലോചിക്കുന്നു. മിനിമം ചാര്‍ജ്ജ് ദൂരപരിധി 5 കിലോമീറ്ററില്‍ നിന്നും പകുതിയായി കുറയ്ക്കണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം. ഡീസല്‍ വിലയില്‍ സബ്‌സിഡി അനുവദിക്കണമെന്ന ആവശ്യവുമുണ്ട്. 

കഴിഞ്ഞ പ്രാവശ്യം ചാര്‍ജ്ജ് വര്‍ധിപ്പിച്ചപ്പോഴുണ്ടായിരുന്ന 62 രൂപയില്‍ നിന്നും ഡീസല്‍ വില കുത്തനെ ഉയര്‍ന്ന് 80 രൂപയിലെത്താറായി. വിദ്യാര്‍ത്ഥികളുടേതടക്കം യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

പ്രളയക്കെടുതിയില്‍ നിന്നും പതിയെ കരകയറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ഇന്ധനവിലയും നാള്‍ക്കുനാള്‍ കടിഞ്ഞാണിടാന്‍ കഴിയാതെ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ബസ് ചാര്‍ജും വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ബസ്സുടമകള്‍ സര്‍ക്കാരിനു മുന്നിലെത്തുമ്പോള്‍ എന്തു  തീരുമാനം എടുക്കാന്‍ കഴിയുമെന്നതും നിര്‍ണായകമാണ്.


Kannur, Kerala, news, Private bus, Fuel price hike, Private bus owners demand for hike bus fare.