മരുന്നെന്ന് പറഞ്ഞു വിഷം കലർത്തി നൽകി; വീട്ടുകാർ ബോധം കെട്ടപ്പോൾ സ്വർണാഭരണങ്ങളുമായി മുങ്ങി


തിരൂർ: സെപ്റ്റംബര്‍ 17. 2018 • മരുന്നെന്ന് പറഞ്ഞു വിഷം കലർത്തി നൽകി വീട്ടുകാരെ ബോധം കെടുത്തി ജോലിക്കാരി വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ കവര്‍ന്നു. തിരൂര്‍ ആലിങ്ങല്‍ സ്വദേശി ഖാലിദിന്റെ വീട്ടില്‍ ഇന്നലെ രാത്രിയാണ് സംഭവം.        മൂന്ന് ദിവസം മുമ്പാണ് പൊള്ളാച്ചി സ്വദേശി മാരിയമ്മ എന്ന് പറയുന്ന യുവതി ഖാലിദിന്റെ വീട്ടിൽ ജോലിക്കെത്തിയത്. സംഭവം കഴിഞ്ഞതിന് ശേഷം മാരിയമ്മ സ്ഥലം വിട്ടു. ഇവർക്കു വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. മുന്പും സമാനമായ രീതിയില്‍ ഇവര്‍ മോഷണം നടത്തിയിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

ജോലിക്കാരി മാരിയമ്മ രാത്രി 10 മണിയോടെയാണ് വിഷം കലര്‍ത്തിയ ജ്യൂസ് വീട്ടുകാർക്ക് നൽകിയത്. ഖാലിദും ഭാര്യ സൈനബയും മകള്‍ ഫിദയും ജ്യൂസ് കുടിച്ചതോടെ ബോധരഹിതരാവുകയായിരുന്നു. രാവിലെ ഒമ്പത് മണിയായിട്ടും ആരെയും വീടിന് പുറത്ത് കാണാതെ വന്നതോടെ അയല്‍വാസികള്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.

ഉടൻ തന്നെ മൂന്ന് പേരെയും തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സൈനബ അണിഞ്ഞിരുന്ന വളകളും മാലയും മോഷണം പോയിട്ടുണ്ട്. വീട്ടിലെ രണ്ട് മുറികളിലെ അലമാരയും തുറന്ന നിലയിലാണ്. ഇതിനുള്ളില്‍നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വീട്ടുകാര്‍ തിരിച്ചെത്തിയാലേ വ്യക്തമാകൂ. 

Kerala, news, Tirur, Robbery, Gold, Servant, Police, Hospital, Poison mixed in juice; Servant escaped with gold .