മെട്രോ ഹമ്പ് പദ്ധതിയുമായി കൊച്ചി മെട്രോ


കൊച്ചി: സെപ്റ്റംബര്‍ 16. 2018 • കൊച്ചി മെട്രോയ്ക്ക് പുതിയ പദ്ധതി വരുന്നു. തൃപ്പൂണിത്തുറ പേട്ട റീച്ചിന് പുറമെ തൃപ്പൂണിത്തുറ റെയിൽവെ സ്റ്റേഷനെകൂടി ഉൾപ്പെടുത്തിയുള്ള മെട്രോ ഹമ്പാണ് പുതിയ പദ്ധതി. ഡിസംബറിൽ നിർമ്മാണം തുടങ്ങാൻ കെഎംആർഎൽ ധാരണയുണ്ടാക്കി.

തൃപ്പൂണിത്തുറ പേട്ടയിൽ അവസാനിക്കുന്ന ഒന്നാം ഘട്ട പദ്ധതിയിലാണ് മൂന്ന് കിലോമീറ്ററിൽ അധിക പാത നിർമ്മിക്കുക. തൃപ്പൂണിത്തുറ പേട്ടയിൽ നിന്ന് എസ്.എൻ. ജംഗ്ഷനിലേക്കും, പിന്നീട് റെയിൽവെ സ്റ്റേഷനിലേക്കും നീളു ന്നതാണ് പദ്ധതി. ഇതോടെയാണ് ഒന്നാം ഘട്ടം പൂർത്തിയാകുന്നത്. മൂന്ന് കിലോമീറ്റർ നിർമ്മാണത്തിന് 1330 കോടിരൂപ ചെലവ് വരുമെന്നാണ് കരുതുന്നത്. നിർമ്മാണ ചെലവിന്‍റെ 15 ശതമാനം കേന്ദ്ര സർക്കാർ വഹിക്കാമെന്ന് തത്വത്തിൽ ധാരണയായിട്ടുണ്ട്. ബാക്കിവരുന്ന തുകയ്ക്കായി വിദേശ വായ്പകളുടെ സാധ്യതയാണ് തേടുന്നത്. പദ്ധതിക്ക് 1500 കോടിരൂപ വായ്പ നല്‍കാനുള്ള സന്നദ്ധത പ്രഞ്ച് വായ്പ ഏജൻസിയായ എ.എഫ്.ഡി അറിയിച്ചിട്ടുണ്ട്.

മെട്രോ സിറ്റി നിർമ്മാണവും ഉടൻ ആരംഭിക്കാൻ പദ്ധതിയുണ്ട്. ഇതിനായി കാക്കനാട് എൻ.ജി.ഒ ക്വാട്ടേഴ്സിന് സമീപം 17.46 ഏക്കർ ഭൂമി മെട്രോയ്ക്കായി കിട്ടിക്കഴിഞ്ഞു.

രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ള കലൂർ മുതൽ കാക്കനാട് ഇൻഫോ പാർക്ക് പാതയുടെ പദ്ധതി രേഖ അനുമതിക്കായി കേന്ദ്ര സർക്കാറിന് സമർപ്പിച്ചു. 

ആലുവയിൽ നിന്ന് അങ്കമാലിവരെയുള്ള പാതയുടെ സാധ്യത പ്രളയകാല സാഹചര്യത്തിന്‍റെ പശ്ചാത്തലത്തിൽ പെട്ടെന്ന് തുടങ്ങാൻ കേന്ദ്ര സർക്കാറിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും കൊച്ചി മെട്രോ അധികൃതർ പറഞ്ഞു.
Metro hump project for Kochi metro, Kochi, Kerala, news.