സി എച്ച് എന്ന ഓർമയിലെ വസന്തംഅഷ്‌റഫ് ബലക്കാട്

സെപ്റ്റംബർ 28 .2018 . മുസ്ലിം ലീഗിന്റെ സമുന്നത നേതാവും മുൻ മുഖ്യ മന്ത്രിയുമായ സി.എച്ച് മുഹമ്മദ് കോയ വിടപറഞ്ഞു സെപ്തംബർ 28 ലേക്ക് 35 വർഷം തികയുന്നു. 1927 ജൂലായ്15ന് കോഴിക്കോട് ജില്ലയിലെ അത്തോളി എന്ന ഗ്രാമത്തിൽ ഒരു സാദാരണ കുടുംബത്തിലാണ് ജനനം.

1961 അന്നത്തെ മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവായിരുന്ന കെ.എം. സീതി സാഹിബിന്റെ നിര്യാണത്തെ തുടർന്നുണ്ടായ കേരള നിയമസഭാ സ്പീക്കർ ഒഴിവിലേക്ക് സി.എച്ചിനെ തിരഞ്ഞെടുത്തതോട് കൂടി പൊതു രംഗത്ത് സജീവമായി, 1967ൽ ഇ.എം.എസ്. മന്ത്രി സഭയിൽ വിദ്യാഭ്യാസ മന്ത്രിയായി.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കാൻ സി.എച്ചിന് കഴിഞ്ഞു, 10 ക്ലാസ്സ് വരെ സൗജന്യ വിദ്യാഭ്യാസം നൽകാനും, മുസ്ലിം പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് ഏർപ്പെടുത്താനും, അറബി ഭാഷ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയതും കേരളത്തിലെ മുസ്ലിങ്ങളടക്കമുള്ള പിന്നോക്കക്കാരെ കൈപിടിച്ച് ഉയർത്താൻ കാരണമായി, അറബി ഭാഷ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് മുസ്ലിം സമുദായത്തിലെ ഒരുപാട് പേർക്ക് സർക്കാർ ജോലിയിൽ പ്രവേശിക്കാൻ സഹായകമായി.

കോഴിക്കോട് സർവകലാശാല, കൊച്ചി സാങ്കേതിക സർവകലാശാല തുടങ്ങിയവ സി.എച്ചിന്റെ സംഭാവനയാണ്. സെനറ്റ്,സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ തുടങ്ങിയവയിൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി യതിൽ സി.എച്ചിന്റെ പ്രവർത്തനമുണ്ട്. മലപ്പുറം
ജില്ലാ രൂപീകരിക്കുന്നതും അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ്, മലബാറിലെ ഗ്രാമങ്ങളിൽ പ്രാഥമിക സ്കൂളുകളും, ഹൈ സ്കൂളുകളും ആരംഭിക്കുന്നതും സി.എച്ചിന്റെ കാലത്തായിരുന്നു, ഇന്ന് കാണുന്ന മലബാറിലെ പല മാപ്പിള സ്കൂളുകളും, മാപ്പിള വിദ്യാഭ്യാസ കലണ്ടറുകളുമെല്ലാം സി.എച്ചിന്റെ സംഭാവനയായിരുന്നു.

പിന്നോക്കം പേറിയിരുന്ന കേരളീയ മുസ്ലിം സമുദായത്തെ നവോത്ഥാനത്തിലേക്ക് നയിക്കുന്നതിൽ സി.എച്ച് വഹിച്ച പങ്ക് വലുതാണ്, അദ്ദേഹത്തിന്റെ വക്കും മലബാറിലെ മാപ്പിളമാരെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്, സി. എച്ചിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ "പിന്നോക്ക അവഗണന  മൂടിപ്പുതച്ചു കിടന്നുറങ്ങുകയായിരുന്ന ഒരു സമൂഹത്തെ തട്ടിയുണർത്താനും, അവർക്ക് ഉശിര് പകരാനും അദ്ദേഹത്തിന് കഴിഞ്ഞു.
.

1979ൽ കേരളത്തിന്റെ 9 ആം മുഖ്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും മുന്നണിക്കകത്തുള്ള ചില തർക്കങ്ങൾ കാരണം 2 മാസം പോലും തികയ്ക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും കേരളീയ മുസ്ലിം സമുദായത്തിലേ ഏക മുഖ്യ മന്ത്രിയായിരുന്നു അദ്ദേഹം, രണ്ട് ടെർമിൽ ലോക സഭ അംഗവുമായിരുന്നു.

മികച്ച വാഗ്മിയും പത്രപ്രവർത്തകനുമായ അദ്ദേഹം എന്റെ ഹജ്ജ് യാത്ര, മുസ്ലിം രാജ്യത്തിന്റെ കഥകള്‍, ഇന്ത്യയിലെ, മുസ്ലിം ഭരണ കാലം കഥകളിലൂടെ തുടങ്ങി ഒരു പാട് പുസ്തകങ്ങള്‍  രചിച്ചിട്ടുണ്ട്. ഇത് കൂടാതെ മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയിലൂടെ ഒരുപാട് ലേഖനങ്ങളും എഴുതിയിട്ടുണ്ട്. അദ്ദേഹം പത്രാധിപരായിരുന്ന ചന്ദ്രികയിലൂടെ പില്‍ കാലത്ത് മലയാള സാഹിത്യത്തില്‍ അറിയപ്പെട്ട പല എഴുത്തുകാരും എഴുതിയിരുന്നു. സാഹിത്യത്തെയും സാഹിത്യകാരന്മാരെയും സി എച്ച് പ്രോത്സാസാഹിപ്പിച്ചിരുന്നു.

ആ മഹാന്‍ മണ്‍മറഞ്ഞു 35 വര്‍ഷം തികഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മകള്‍ ഇന്നും തളം കെട്ടി നില്‍ക്കുന്നു. അത് കൊണ്ട് തന്നെയാണ് അദ്ദേഹത്തെ കാണാത്ത പുതിയ തലമുറയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരും അല്ലാത്തവരും അദ്ദേഹത്തെ കുറിച്ച് സംസാരിക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നത്. വെറും 56 വര്‍ഷം കൊണ്ട് രാഷ്ട്രീയ, സാമുദായിക, പത്ര, സാഹിത്യ, പ്രസംഗ മേഖലകളില്‍ ഉണ്ടാക്കിയ ആ ഒരു ഇടം ഇന്നും മായാതെ നില്‍ക്കുന്നു. 1983 സെപ്റ്റംബര്‍ 28 ന് ഹൈദരാബാദിലെ ഇന്ത്യന്‍ മെഡിക്കല്‍ സയന്‍സില്‍ വെച്ചു ഇഹലോക വാസം വെടിഞ്ഞു. 'ആരാന്റെ വിറക് വെട്ടികളും വെള്ളം കോരികളുമാവരുത് നിങ്ങള്‍ ഉത്തമ സമൂഹത്തിന്റെ വാക്താക്കളാണ്' എന്ന വാചകം ഇന്നും സമുദായം നെഞ്ചേറ്റ് പിടിക്കുന്നു.


Article, ലേഖനം, Memory of CH Muhammad Koya, Article by Ashraf Balakkad, CH Muhammad Koya, Ashraf Balakkad.