ഒമാനിലെ സഹമില്‍ ഒരു കുടുംബത്തിലെ 8 കുട്ടികളടക്കം 10 പേര്‍ വീടിനു തീപിടിച്ചു ദാരുണമായി മരണപ്പെട്ടു


ഒമാൻ: സെപ്റ്റംബർ 27 .2018   ഒമാനിലെ സഹമില്‍ ഒരു കുടുംബത്തിലെ 8 കുട്ടികളടക്കം 10 പേര്‍ വീടിനു തീപിടിച്ചു ദാരുണമായി മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ 2 പേര്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുന്നു. ഇലക്ട്രിക് ഷോര്‍ട്ട്  സര്‍ക്യൂട്ട് കാരണം തീ പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

സഹം വിലായത്തിലെ ഖൂര്‍ അല്‍ഹമാം എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്.കാസിം ബിന്‍ ഖലഫ് (49) ഭാര്യ ആയിഷ(40) മക്കളായ ബുഷ്ര(18) ഖദീഫ(15) യാസീന്‍(13) സാറ(12), ഹംസ(8),അല്‍ഹൂര(5), ഹവ്വ(2) അല്‍ ബറാ(1)എന്നിവരാണ് മരിച്ചത്. വിദ്യാര്‍ത്ഥികളായ അസാമ ,നിസ്വ എന്നിവര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. അഗ്‌നി ശമന വിഭാഗവും റോയല്‍ ഒമാന്‍ പോലീസും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് തീ അണക്കാനും മൃതദേഹങ്ങള്‍ പുറത്തേക്കു എടുക്കാനും കഴിഞ്ഞത്.

അതിരാവിലെ നാലേ മുപ്പതോടെയാണ് സംഭവം. ഉറക്കത്തിലായതിനാല്‍ ആര്‍ക്കും തീയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. സഹം ആശുപത്രി പരിസരം ജനനിബിഡമായതായാണ് റിപ്പോര്‍ട്ട്. സഹം വാലി ഷെയ്ഖ്അവാദ് അല്‍ മന്‍ളരിയുടെ നേതൃത്വത്തില്‍ അനന്തര നടപടികള്‍ പുരോഗമിക്കുന്നു. തീപിടുത്ത കാരണത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.

Gulf, news, Dubai, ഗൾഫ്, ദുബായ്, House set to fire in Oman; 10 dies.