ഉദ്യോഗസ്ഥന്റെ ഒത്താശയോടെ കടത്തുകയായിരുന്ന 47 ലക്ഷം രൂപയുടെ സ്വർണ്ണവുമായി മുള്ളേരിയ സ്വദേശി മംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ; ഒത്താശ ചെയ്ത ഉദ്യോഗസ്ഥന്റെ താമസ സ്ഥലത്ത് നിന്നും 25 ലക്ഷം രൂപ കണ്ടെടുത്തു


മംഗളുരു: സെപ്റ്റംബര്‍ 22. 2018 • നാൽപ്പത്തിയേഴു ലക്ഷത്തിൽ കൂടുതൽ വിലമതിക്കുന്ന സ്വർണവുമായി ദുബായിൽ നിന്നുള്ള യാത്രക്കാരനെ മംഗളൂരു വിമാനത്താവളത്തിൽ വെച്ച് പിടികൂടി. വെള്ളിയാഴ്ച ദുബായിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരനായ മുള്ളേരിയ സ്വദേശി നിസാർ ഖാദർ (32) ആണ് പിടിയിലായത്.

രഹസ്യവിവരം കിട്ടിയതിനെത്തുടർന്ന് ഇയാളെ വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരും റവന്യൂ ഇൻറലിജൻസ് അധികൃതരും  ചോദ്യം ചെയ്തു. തുടർന്ന് മൊബൈൽ ഫോൺ കവറിനകത്ത് ഒട്ടിച്ചു വെച്ച നിലയിൽ സ്വർണ്ണ ബിസ്കറ്റുകൾ കണ്ടെടുക്കുകയായിരുന്നു. എയർപോർട്ട് ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് കള്ളക്കടത്തെന്ന് ഇയാൾ സമ്മതിച്ചു.

ഒന്നരക്കിലോയിലധികം തൂക്കം വരുന്ന സ്വർണ്ണത്തിന് 47 ലക്ഷം രൂപയിലധികം വിലമതിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. തുടർന്ന് കള്ളക്കടത്തിന് സഹായിച്ചു എന്ന് പറയപ്പെടുന്ന മംഗളൂരു എയർപോർട്ടിലെ ഉദ്യോഗസ്ഥന്റെ താമസ സ്ഥലത്ത് റവന്യൂ ഇൻറലിജൻസ് തെരച്ചിൽ നടത്തി ഇരുപത്തി അഞ്ചു ലക്ഷം രൂപ കണ്ടെടുത്തു. ഇത് കള്ളക്കടത്തിന് സഹായിച്ചതിനുള്ള പ്രതിഫലമായിക്കിട്ടിയതെന്നാണ് സംശയിക്കുന്നത്.
ഇയാളെയും ഡി.ആർ ഐ. അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ  ഉദ്യോഗസ്ഥന്റെ പേര് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

Mangalore, news, skyler-ad, ദേശീയം, Gold smuggling, Held, Airport, Gold smuggling; youth held.