റാഫേൽ അഴിമതി; മോദി താഴെ വീഴുമോ? ശക്തമായ പ്രക്ഷോഭങ്ങളുമായി പ്രതിപക്ഷം


സെപ്റ്റംബർ 23.2018 .റാഫേലില്‍ വെളിപ്പെടുത്തല്‍ തിരുത്താതെ ഫ്രഞ്ച് മുന്‍ പ്രസിഡന്‍റ് ഫ്രാന്‍സോ ഒലാങ് വീണ്ടും രംഗത്തെത്തി. റിലയന്‍സിനായി ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയോ എന്നറിയില്ലെന്നും ഡസോള്‍ട്ട് കമ്പനി അത് പറയട്ടെ എന്നും ഒലാങ് പറഞ്ഞു. എന്നാല്‍ റിലയന്‍സിനെ നിര്‍ദേശിച്ചത് ഇന്ത്യയാണെന്ന മുന്‍ പ്രസ്താവന ഒലാങ് തിരുത്തിയില്ല. വിഷയത്തില്‍‌ പ്രതിപക്ഷ പ്രതിഷേധം വരും ദിവസങ്ങളിലും തുടര്‍ന്നേക്കും.

വാർത്താ ഏജന്‍സിയായ എ.എഫ്.പിയോടാണ് ഫ്രഞ്ച് മുന്‍ പ്രസിഡന്‍റിന്‍റെ പുതിയ പ്രതികരണം. റാഫേല്‍ ഇടപാടില്‍ റിലയന്‍സ് ഡിഫന്‍സ് കമ്പനിയെ ഉള്‍പെടുത്തുന്നതിന് ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയോ എന്നറിയില്ല, അത് പറയേണ്ടത് ഫ്രഞ്ച് വ്യോമയാന കമ്പനിയായ ഡസോള്‍ട്ടാണ്. റിലന്‍സിനെ ഫ്രാന്‍സ് തെരെഞ്ഞെടുത്തതല്ലന്നും ഒലാങ് വ്യക്തമാക്കി. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരാണ് റിലയന്‍സിന്‍റെ പേര് നിര്‍‌ദേശിച്ചത് എന്ന വിവാദമായ മുന്‍ വെളിപ്പെടുത്തല്‍ തിരുത്താന്‍ ഒലാങ് തയ്യാറായതുമില്ല. വിഷയത്തില്‍ ഭരണ പ്രതിപക്ഷ പോര് ഇതിനകം ശക്തമായി തന്നെ തുടരുകയാണ്. മോദി നേരിട്ട് നടത്തിയ അഴിമതിയാണിതെന്നും ഒലാങിന്‍റെ വെളിപ്പെടുത്തതില്‍ മോദി തന്നെ മറുപടി പറയണം എന്നുമാണ് കോണ്‍ഗ്രസ്സ് നിലപാട്, രാജ്യത്തിന്‍‌റെ കാവല്‍ക്കാരനായ പ്രധാന മന്ത്രി നരേന്ദ്ര മോദി കള്ളനാണെന്ന് തെളിഞ്ഞെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

പ്രധാമന്ത്രിയുടെ മറുപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് പ്രതിഷേധം തുടര്‍ന്നേക്കും. എന്നാല്‍ വിഷയത്തില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ അടക്കമുള്ളവരുടെ ആരോപണങ്ങള്‍ വിലപ്പോവില്ലെന്ന നിലപാടിലാണ് ബി.ജെ.പി. അഴിമതി ആരോപണം അടിസ്ഥാന രഹിതമാണെന്നും പാര്‍ട്ടി ആവര്‍ത്തിക്കുന്നു.

കോണ്‍ഗ്രസ്സിന് പുറമെ മറ്റു പ്രതിപക്ഷ പാര്‍ട്ടികളും വിഷയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിച്ച് റാഫേല്‍ അഴിമതി ആരോപണം ചര്‍ച്ച ചെയ്യണമെന്ന് എ.എ.പി ആവശ്യപ്പെട്ടു.

news, ദേശീയം, French former president on Rafale issue.