മലയാളി നാവികൻ അഭിലാഷ്​ ടോമിയെ രക്ഷപ്പെടുത്തി


പെർത്ത്: സെപ്റ്റംബർ 24 .2018 .ഗോൾഡൻ ഗ്ലോബ്​ റേസിങ്ങിനിടെ അപകടത്തിൽപെട്ട മലയാളി നാവികനും ഇന്ത്യൻ നാവികസേന കമാണ്ടറുമായ അഭിലാഷ്​ ടോമിയെ (39) രക്ഷപ്പെടുത്തി. അപകട സ്ഥലത്തെത്തിയ ഫ്രഞ്ച് മത്സ്യബന്ധന കപ്പലായ 'എഫ്.പി.വി ഒാസിരിസി'ലെ സംഘമാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. അഭിലാഷ് സുരക്ഷിതനാണെന്ന് നാവിക സേന അറിയിച്ചു. ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചി മത്സരത്തിനിടെ പായ്‌വഞ്ചി തകര്‍ന്നാണ് അഭിലാഷിന് അപകടം സംഭവിച്ചത്.
അഭിലാഷ് ടോമിയെ ഉടന്‍ തന്നെ ആംസ്റ്റര്‍ ഡാമിലേക്ക് മാറ്റുമെന്നാണ് ലഭിക്കുന്ന വിവരം. നടുവിനു പരിക്കേറ്റ് അനങ്ങാനാവാത്ത സ്ഥിതിയിലാണെന്നും വഞ്ചിയിലുണ്ടായിരുന്ന ഐസ് ടീ കുടിച്ചതു മുഴുവന്‍ ഛര്‍ദിച്ചെന്നും അഭിലാഷ് സന്ദേശമയച്ചിരുന്നു. കാല്‍വിരലുകള്‍ അനക്കാം. എന്നാല്‍, ദേഹത്താകെ നീരുണ്ട് എന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. പായ്‌വഞ്ചിയിലെ ആശയവിനിമയ ഉപകരണങ്ങളുടെ ചാര്‍ജ് കഴിയാറായെന്നും പറഞ്ഞിരുന്നു.
ഇന്ത്യയുടെയും ആസ്ട്രേലിയയുടെയും നാവികസേനയും കാൻബറയിലെ ആസ്ട്രേലിയൻ റെസ്ക്യൂ കോർഡിനേറ്റിങ് കേന്ദ്രവും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനമാണ് വിജയത്തിലെത്തിയത്. രക്ഷാപ്രവർത്തന സമയത്ത് ഇന്ത്യൻ നാവികസേനയുടെ ദീർഘ ദൂര നിരീക്ഷണ വിമാനമായ പി.8.ഐ വിമാനം പായ് വഞ്ചിയുടെ സമീപത്ത് നിരീക്ഷണം നടത്തിയിരുന്നു. രാജ്യാന്തര കപ്പൽ ചാലിന് വളരെ അകലെയായത് കൊണ്ടാണ് രക്ഷാദൗത്യം വൈകാൻ ഇടയായത്. ആസ്ട്രേലിയയിലെ പെർത്തിൽ നിന്ന് 1800 നോട്ടിക്കൽ മൈൽ (3333.6 കിലോമീറ്റർ) പടിഞ്ഞാറ് ഭാഗത്താണ് അപകടം നടന്ന സ്ഥലം. കന്യാകുമാരിയിൽ (കെയ്പ് കാമറൂൺ) നിന്ന് 2700 നോട്ടിക്കൽ മൈൽ (5020 കിലോമീറ്റർ) അകലെയാണിത്.

Commander Abhilash Tomy rescued by French vessel, INS Satpura to take him to Mauritius for check-up, world, news.