പ്രളയകാലത്ത് കേരളത്തിന് അനുവദിച്ച അരിക്ക് വില ഈടാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍


Representational image
ന്യൂഡല്‍ഹി: സെപ്റ്റംബർ 30 .2018 . പ്രളയസാഹചര്യം കണക്കിലെടുത്ത് കേരളത്തിന് പ്രത്യേകമായി അനുവദിച്ച 89,540 മെട്രിക് ടണ്‍ അരി സൗജന്യമായി നൽകില്ലെന്നും അതിന് വില ഈടാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കിലോയ്ക്ക് 26 രൂപ നിരക്കിലാണ് വില ഈടാക്കുക. അരി സൗജന്യമായി അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കെ.കെ രാഗേഷ് എംപിക്ക് അയച്ച കത്തില്‍ കേന്ദ്ര ഭക്ഷ്യ- പൊതുവിതരണമന്ത്രി രാംവിലാസ് പസ്വാന്‍ അറിയിച്ചു.

നിലവിലെ കേന്ദ്ര നയമനുസരിച്ച് താങ്ങുവില നിരക്കിലുള്ള വിലതന്നെ ഈടാക്കുമെന്നും മന്ത്രി കത്തില്‍ പറഞ്ഞു. കേരളത്തിന് 230 കോടിയോളം രൂപയുടെ ബാധ്യത വരുത്തുന്നതാണ് കേന്ദ്രതീരുമാനം. പ്രളയസ്ഥിതി കണക്കിലെടുത്ത് കേരളത്തിന് സൗജന്യമായാണ് അരി അനുവദിച്ചിട്ടുള്ളതെന്നും വില ഈടാക്കണോ വേണ്ടയോ എന്ന് പിന്നീട് തീരുമാനിക്കുമെന്നുമാണ് കേന്ദ്രമന്ത്രി നേരത്തെ പറഞ്ഞിരുന്നത്. 

പ്രളയം വലിയ നഷ്ടമാണ് കേരളത്തിന് ഉണ്ടാക്കിയിട്ടുള്ളതെന്നും അതുകൊണ്ട് അരി സൗജന്യമായി അനുവദിക്കണമെന്നും അഭ്യര്‍ഥിച്ച് രാഗേഷ് മന്ത്രി പസ്വാന് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഇപ്പോള്‍ ലഭിച്ചത്. ദേശീയ ദുരന്തനിവാരണനിധിയില്‍നിന്ന് കേരളത്തിന് അനുവദിക്കുന്ന തുകയില്‍നിന്നോ അതല്ലെങ്കില്‍ ഭക്ഷ്യസുരക്ഷാ നിയമംപോലുള്ള മറ്റ് പദ്ധതികളില്‍നിന്നോ അരിയുടെ വില ഈടാക്കുമെന്ന് പസ്വാന്‍ കത്തില്‍ അറിയിച്ചു. കുറഞ്ഞ താങ്ങുവില പ്രകാരമുള്ള നിരക്കാകും ഈടാക്കുകയെന്നും കത്തില്‍ പറഞ്ഞു. നിലവില്‍ ഒരു കിലോ അരിക്ക് 26 രൂപയാണ് കുറഞ്ഞ താങ്ങുവില നിരക്ക്.

Central Govt price charging for rice allotted to kerala, news, ദേശീയം.