കുങ്കുമപ്പൂ കാറില്‍ കടത്തുന്നതിനിടെ കാസര്‍കോട്ടെ മൂന്ന് യുവാക്കള്‍ പിടിയിൽ


കണ്ണൂര്‍: സെപ്റ്റംബർ 26. 2018കുങ്കുമപ്പൂ കാറില്‍ കടത്തുന്നതിനിടെ   കാസര്‍കോട്ടെ മൂന്ന് യുവാക്കള്‍ പിടിയിലായി. 20 ലക്ഷം രൂപയുടെ കുങ്കുമപ്പൂവുമായാണ് ശ്രീകണ്ഠാപുരത്ത് യുവാക്കൾ പിടിയിലായത്. പിടിയിലായവരില്‍ വരനെ തട്ടിക്കൊണ്ട് പോയ കേസിലെ പിടികിട്ടാപ്പുള്ളിയടക്കമുള്ളവര്‍ ഉള്‍പ്പെടും. ബേഡകം അഞ്ചാംമൈലിലെ മുഹമ്മദ് സിയാദ് (25), ചട്ടഞ്ചാല്‍ തെക്കില്‍ ബാലനടുക്കത്തെ ഷാഹുല്‍ ഹമീദ് (22), പൊയിനാച്ചിയിലെ ഇബ്രാഹിം ഖലീല്‍ (27) എന്നിവരെയാണ് ശ്രീകണ്ഠപുരം സിഐ വി വി ലതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ശ്രീകണ്ഠാപുരം കോട്ടൂരില്‍ ഇവര്‍ സഞ്ചരിച്ച കെഎല്‍ 60 എം 3626 മാരുതി ആള്‍ട്ടോ കാര്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കാറിനകത്ത് പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലാണ് കുങ്കുമപ്പൂവ് സൂക്ഷിച്ചിരുന്നത്. മുഹമ്മദ് സിയാദ് 2011ല്‍ വിവാഹ തലേന്ന് വരനെ തട്ടിക്കൊണ്ടുപോയതിന് ബേഡകം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പിടികിട്ടാപ്പുള്ളിയാണ്.

ഗള്‍ഫില്‍ നിന്ന് നികുതി വെട്ടിച്ച്‌ ഏജന്റ് മുഖേന കോഴിക്കോട് എയര്‍പ്പോര്‍ട്ട് വഴിയാണ് കുങ്കമപൂവെത്തിച്ചതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ മൊഴി നല്‍കി. മട്ടന്നൂരില്‍ വില്‍പന നടത്തിയ ശേഷം തളിപ്പറമ്പിലേക്ക് കൊണ്ടുപോവുകയായിരുന്നു കുങ്കുമപ്പൂവ്. കാസര്‍കോട് സ്വദേശിയായ ഏജന്റിന്റെ നിര്‍ദേശ പ്രകാരമാണ് കുങ്കുമപൂവ് കൊണ്ടുവന്നതെന്നും ഇവര്‍ പോലീസിനോട് വ്യക്തമാക്കി. പിടിയിലായവരെ കണ്ണൂര്‍ സെയില്‍സ് ടാക്‌സ് ഇന്റലിഡന്‍സ് വിഭാഗത്തിന് കൈമാറി. പോലീസ് സംഘത്തില്‍ ശ്രീകണ്ഠാപുരം എസ്‌ഐ കെ വി രഘുനാഥ്, എഎസ്‌ഐ രാമചന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ നൗഷാദ്, പ്രശാന്തന്‍ എന്നിവരും ഉണ്ടായിരുന്നു.


Kannur, Kerala, news, alfalah ad, 3 Kasaragod natives held with saffron.