രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പിക്കണം; അന്താരാഷ്ട്ര സഹായം അഭ്യർത്ഥിക്കണം : വെല്‍ഫെയര്‍ പാര്‍ട്ടി


തിരുവനന്തപുരം : ഓഗസ്റ്റ് 18.2018. കേരളം നേരിടുന്ന അതി ഭീകരമായ പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പിക്കണമെന്നും റസ്ക്യൂ ഓപ്പറേഷനില്‍ വൈദഗ്ധ്യമുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം തേടണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‌റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ഇതുവരെ കണ്ടിട്ടില്ലാത്ത ഭയാനക വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുന്ന പതിനായിരക്കണക്കിന് മനുഷ്യരെ രക്ഷിക്കാന്‍  ജോയിന്റ് ഡിഫെന്‍സ് കമാന്‍ഡ് ഓപ്പറേഷന് മാത്രമാണ് സാധിക്കുക.

കേരളത്തിലെ ഡിസാസ്റ്റർ  മാനേജ്‌മെന്‍റ് സംവിധാനം വേണ്ടത്ര പരിശീലനം ലഭിച്ചിട്ടുള്ളവരോ ആവശ്യമായ സെക്യൂരിറ്റിമെഷറുകള്‍ ഉള്ളവരോ അല്ല. സെര്‍ച്ച് ഒപ്പറേഷനും റെസ്‌ക്യൂ പ്രവർത്തനങ്ങള്‍ക്കും കേരള ഡിസാസ്റ്റര്‍ വകുപ്പിന്‍റെ കൈയില്‍ ആവശ്യമായ ആധുനിക ഉപകരണങ്ങളില്ലാത്തത് മറച്ച് പിടിച്ചിട്ട് കാര്യമില്ല.  പ്രധാനമന്ത്രി നേരിട്ട് കണ്ടല്ല ദുരന്തനിവാരണവും രക്ഷാപ്രവർത്തവും നടത്തേണ്ടത്. കേന്ദ്ര-കേരള സർക്കാരുകളുടെ അടിയന്തിര ഇടപെടലാണ് ആവശ്യം. ഇത്ര വലിയ ദുരന്തം മുന്‍ കൂട്ടി കാണാനാവാത്ത സര്‍ക്കാര്‍ സംവിധാനങ്ങളെ ഇനിയും സമ്പൂര്‍ണ്ണമായി വിശ്വസിക്കുന്നതില്‍ അര്‍ത്ഥമില്ല.

രക്ഷാ പ്രവർത്തനത്തില്‍ വൈദഗ്ധ്യമുള്ള അന്താരാഷ്ട്ര ഏജന്‍സികളുമായി കേന്ദ്ര - സംസ്ഥാന സർക്കാർ അടിയന്തിരമായി ബന്ധപ്പെടണം. രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പിച്ചും മത്സ്യതൊഴിലാളികളേയും സന്നദ്ധസംഘടനാ പ്രവർത്തകരേയും ഏകോപിപ്പിച്ചും ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Kerala, news, Thiruvananthapuram, Welfare party, alfalah ad, Welfare party on Kerala flood.