നേരിയ ആശ്വാസമായി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു


തിരുവനന്തപുരം: ഓഗസ്റ്റ് 11.2018. ജനങ്ങള്‍ക്ക് ആശ്വാസമായി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ തോതില്‍ കുറവ് രേഖപ്പെടുത്തി. മഴ അൽപം കുറഞ്ഞതാണ് അണക്കെട്ടില്‍ ജലനിരപ്പ് കുറയാന്‍ സഹായകമായത്. ഷട്ടര്‍ തുറന്നതിന് ശേഷം ഇത് ആദ്യമായാണ് ജലനിരപ്പ് കുറയുന്നത്. നിലവില്‍ 2401 അടിയാണ് ജലനിരപ്പ്. രാവിലെ ഇത് 2401.10 അടിയായിരുന്നു. ഇടുക്കിയില്‍ ജലനിരപ്പ് 2400 അടി ആകുന്നത് വരെ ഷട്ടറുകള്‍ താഴ്ത്തില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. പലയിടത്തും മഴ തുടര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ഷട്ടറുകള്‍ അടയ്ക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മാസം 13 മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഇതുവരെ സംസ്ഥാനത്ത് 29 പേരാണ് മരിച്ചത്.

കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയില്ല. കുറച്ചു കൂടി ശമനം കുറഞ്ഞ മഴയായിരിക്കും തൃശൂര്‍, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ ലഭിക്കുക. ഇത് വരേക്കും വിവിധ ജില്ലകളിലായി ആയിരക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. എങ്കിലും ഇപ്പോഴും ജാഗ്രത തുടരണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും മുന്നറിയിപ്പ്. അതുപോലെ പെരിയാറിന്റെ തീരത്തുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Kerala, news, Idukki dam, Rain, Alert, Water level decreased in Idukki dam.