ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളിൽ വൈറല്‍പ്പനി പടരുന്നു; ആശങ്ക വേണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍


ആലപ്പുഴ: ഓഗസ്റ്റ് 23.2018. പ്രളയക്കെടുതിക്ക് പിന്നാലെ കേരളം പകര്‍ച്ചവ്യാധി ഭീഷണിയില്‍. ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളിലാണ് പനി പടരുന്നത്. വെള്ളക്കെട്ടില്‍ നിന്നും തണുപ്പ് നിറഞ്ഞ അന്തരീക്ഷ സാഹചര്യത്തില്‍ നിന്നും വൈറല്‍പ്പനി ഉണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

പനി ബാധിച്ച കുട്ടികളെ നിലത്ത് പായയില്‍ കിടത്തുന്നതില്‍ മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ട്. ജില്ലയിലെ വിവിധ ക്യാമ്പുകളിലായി 60000 ത്തോളം കുട്ടികളാണ് കഴിയുന്നത്. ക്യാമ്പില്‍ ദിവസവും ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി ഗുളികകള്‍ നല്‍കുന്നുണ്ടെങ്കിലും വിലയേറിയ മരുന്നുകളും പ്രമേഹം, പ്രഷര്‍ എന്നിവയ്ക്കുള്ള മരുന്നുകള്‍ക്കും ക്ഷാമം നേരിടുന്നതായി ആളുകള്‍ പറയുന്നു.

ആശങ്ക വേണ്ടെന്നും ജാഗ്രതയാണ് ഈ സമയത്ത് വേണ്ടതെന്നുമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ പനി പടരുന്നത് സാധാരണമാണ്. കുട്ടികളായതിനാല്‍ എളുപ്പം പടര്‍ന്ന് പിടിക്കുകയും ചെയ്യും.

പ്രളയം ഏറെ ദുരിതം വിതച്ച ജില്ലകളില്‍ ഗുരുതരമായ പകര്‍ച്ച വ്യാധികള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയിരുന്നു. പകര്‍ച്ച വ്യാധി പ്രതിരോധത്തിനായി ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തകരും സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. പ്രളയം കടന്നുപോയ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും അഞ്ചു ലക്ഷത്തിലധികം പേരാണ് വീടുകളിലേക്ക് മടങ്ങാനൊരുങ്ങുന്നത്.

പലയിടങ്ങളും വളര്‍ത്തു മൃഗങ്ങള്‍ ചത്തു ചീഞ്ഞ് കിടക്കുകയാണ്. വെള്ളത്തില്‍ ചത്തുകിടക്കുന്ന മൃഗങ്ങളെ അടിയന്തിരമായി മറവ് ചെയ്യാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും പലയിടത്തും നടപ്പായിട്ടില്ല.

ആളുകള്‍ വീടുകളിലേക്ക് മടങ്ങിയെങ്കിലും എങ്ങും കുടിവെള്ളമില്ല. കിണറുകള്‍ മലിനമാണ്. കക്കൂസ് ടാങ്കുകള്‍ വരെ പൊട്ടിയൊലിക്കുന്ന നിലയിലാണ്. എലിപ്പനി, വയറിളക്കം, പകര്‍ച്ചപ്പനി, ചിക്കര്‍ പോക്‌സ് തുടങ്ങിയ രോഗങ്ങളെയാണ് ആരോഗ്യ വകുപ്പ് ഭയക്കുന്നത്. നാല്‍പ്പതിലധികം ഇനം എലിപ്പനികളെ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതിരോധ മരുന്നുകളുടെ വിതരണം അവസാന ഘട്ടത്തിലാണ്. ഒരുമാസം വരെ പകര്‍ച്ച വ്യാധി മുന്‍കരുതല്‍ തുടരുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Kerala, news, Alappuzha, Epidemic, Fever, Alert, Viral fever is spread among children in relief camps.