ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫൊഗട്ട്



ജക്കാര്‍ത്ത: ഓഗസ്റ്റ് 21.2018. 18-ാം ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫൊഗട്ട്. വനിതാ വിഭാഗം 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ജപ്പാന്‍ താരം യൂകി ഇറിയെ തോല്‍പിച്ചാണ് ഫൊഗട്ട് സ്വര്‍ണം നേടിയത് (സ്‌കോര്‍ 62). ഇതോടെ ഏഷ്യന്‍ ഗെയിംസിൽ സ്വര്‍ണം നേടുന്ന ആദ്യ വനിതാ ഗുസ്തി താരമെന്ന നേട്ടം വിനേഷ് ഫൊഗട്ട് സ്വന്തമാക്കി. ജക്കാര്‍ത്ത ഗെയിംസിലെ ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണമാണിത്. ആദ്യ ദിനത്തില്‍ പുരുഷവിഭാഗം ഗുസ്തിയില്‍ ബജ്‌റംഗ് പുനിയ സ്വര്‍ണം നേടിയിരുന്നു.

ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം അഞ്ചായി ഉയര്‍ന്നു. രണ്ടാം ദിനത്തിലെ മൂന്നാമത്തെ മെഡലാണ് ഫൊഗട്ടിലൂടെ ഇന്ത്യയ്ക്ക് കിട്ടിയത്. പുരുഷ വിഭാഗം ഷൂട്ടിങ് ട്രാപ്പില്‍ ഇരുപതുകാരന്‍ താരം ലക്ഷയ്, 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപക് കുമാര്‍ എന്നിവര്‍ വെള്ളി നേടിയിരുന്നു. ഏഷ്യന്‍ ഗെയിംസിലെ വിനേഷ് ഫൊഗട്ടിന്റെ രണ്ടാം മെഡലാണിത്.

2014-ല്‍ 48 കിലോഗ്രാം വിഭാഗത്തില്‍ വിനേഷ് വെള്ളിമെഡല്‍ കരസ്ഥമാക്കിയിരുന്നു. ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ രണ്ടു മെഡലുകള്‍ നേടുന്ന രണ്ടാമത്തെ വനിതാ താരമെന്ന റെക്കോര്‍ഡും ഇതോടെ വിനേഷ് ഫൊഗട്ട് കരസ്ഥമാക്കി. 63 കിലോഗ്രാം ഗുസ്തിയില്‍ വെള്ളിയും വെങ്കലവും നേടിയിട്ടുള്ള ഗീതിക ജാഖറാണ് ഈ പട്ടികയിലെ ആദ്യത്തെയാള്‍. ഏഷ്യന് ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യ രണ്ടോ അതിലധികമോ തവണ സ്വര്‍ണം നേടുന്നത് ഇത് മൂന്നാമത്തെ തവണ മാത്രമാണ്.

അതേസമയം വനിതാ ബാഡ്മിന്റന്‍ ടീം ഇനത്തിലും ജപ്പാനെതിരെ ഇന്ത്യ തോല്‍വിയറിഞ്ഞു. പി.വി. സിന്ധു ഇന്ത്യയ്ക്കായി വിജയത്തോടെ മികച്ച തുടക്കം നല്‍കി. എന്നാല്‍ സൈന നേവാള്‍ ഉള്‍പ്പെടെയുള്ളവര്‍ തോല്‍വിയറിഞ്ഞതോടെ ഇന്ത്യയ്ക്ക് പുറത്തേക്കുള്ള വഴി തുറന്നു. പുരുഷ വിഭാഗം ടീം ഇനത്തില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ് വിജയം നേടിയെങ്കിലും ഇന്ത്യ ആതിഥേയരായ ഇന്‍ഡൊനീഷ്യയോടു തോറ്റു. എന്നാല്‍ പുരുഷ വിഭാഗം കബഡിയില്‍ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ തോറ്റു. ഗ്രൂപ്പ് മത്സരത്തില്‍ ദക്ഷിണ കൊറിയയോടാണ് ഇന്ത്യ തോറ്റത്. (സ്‌കോര്‍ 2324).

വനിതാ വിഭാഗം ട്രാപ്പ് ഷൂട്ടിങ് ഫൈനലില്‍ ഇന്ത്യയുടെ സീമ തോമര്‍ പുറത്തായി. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അപൂര്‍വി ചന്ദേല അഞ്ചാം സ്ഥാനത്തായി. 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ പൂജ ദണ്ഡയും 62 കിലോഗ്രാം വിഭാഗത്തില്‍ സാക്ഷി മാലിക്ക് സെമിയിലെത്തിയെങ്കിലും തോറ്റു.

World, news, sports, Vinesh Phogot got gold medal in freestyle wrestling.