കൊല്ലപ്പെട്ടത് സി പി എം പ്രവർത്തകൻ; മഞ്ചേശ്വരം താലൂക്കിൽ ഇന്ന് ഉച്ചയ്ക്കു ശേഷം ഹർത്താൽ


ഉപ്പള ഓഗസ്റ്റ് 06-2018 • ഉപ്പള സോങ്കാലിൽ ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടത് സിപിഎം പ്രവർത്തകൻ. സോങ്കാലിലെ അസീസിന്റെ മകൻ അബൂബക്കർ സിദ്ദീഖ്(21) ആണ് കൊല്ലപ്പെട്ടത്. ആർ.എസ്.എസ് പ്രവർത്തകർ ആണ് കുത്തിക്കൊലപ്പെടുത്തിയതെന്ന് വ്യക്തമായതായാണ് സൂചന. സംഭവത്തിൽ പ്രതിഷേധിച്ചു മഞ്ചേശ്വരം താലൂക്കിൽ തിങ്കളാഴ്ച്ച ഉച്ചക്ക് ഒരു മണി മുതൽ 6 മണി വരെ ഹർത്താൽ ആചരിക്കാൻ സിപിഎം ആഹ്വാനം ചെയ്തു.

ബൈക്കിലെത്തിയ ബി ജെ പി പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. ഇവര്‍ സഞ്ചരിച്ച ബൈക്കുകളിലൊന്ന് സംഭവ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

അതേസമയം, അനധികൃത മദ്യവിൽപന ചോദ്യം ചെയ്തതിനാണ് കൊലപാതകമെന്നാണ് സൂചന. പ്രതാപ് നഗർ പ്രദേശത്ത് അശ്വിത്തിന്റെ നേതൃത്വത്തിൽ കർണാടക നിർമിത വിദേശ മദ്യം വിൽക്കുന്നത് പതിവാണ്. ഇതിനെ ചോദ്യം ചെയ്യാൻ പോയ സിപിഎം പ്രവർത്തകരുമായി  ഇവർ വാക്കു തർക്കം ഉണ്ടാവുകയും ഇതിനിടയിൽ സിദ്ദിഖിന് കുത്തേൽക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്‌എസ് ആണെന്ന് സിപിഎം ആരോപിച്ചു.

മരിച്ച സിദ്ദീഖിന്റെ മൃതദേഹം മംഗളൂരു ഇന്ത്യാന ആശുപത്രിയിൽ നിന്നും സിപിഎം നേതാക്കൾ ഏറ്റുവാങ്ങി പുലർച്ചെ രണ്ടു മണിയോടെ കാസറഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയോടെ വിലാപ യാത്രയായി ഉപ്പളയിലെ വസതിയിലേക്ക് കൊണ്ട് വരും. വൈകുന്നേരത്തോടെ സോങ്കാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിക്കും.

Also Read:- ഉപ്പളയിൽ ബൈക്കിലെത്തിയ സംഘത്തിന്റെ വെട്ടേറ്റ് യുവാവ് മരിച്ചു


harthal, manjeshwar, thaluk, kumbla, kasaragod, uppala, murderd, died, cpm, activist,uppala-cpm-members-killed-uppala-manjeshwar-thaluk-harthal