അവധി ആഘോഷിക്കാന്‍ വിയന്നയിലെത്തിയ സഹോദരിമാരുടെ മക്കൾ മുങ്ങിമരിച്ചു


ലണ്ടന്‍: ഓഗസ്റ്റ് 24.2018. വിനോദയാത്രയ്ക്കു പോയ സഹോദരിമാരുടെ മക്കള്‍ തടാകത്തില്‍ മുങ്ങിമരിച്ചു. ബ്രിട്ടനിലെ ബോള്‍ട്ടനില്‍നിന്നും ഓസ്ട്രിയയിലെ വിയന്നയിലേക്കാണ് വിനോദ യാത്ര പോയത്. ബോള്‍ട്ടനില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ അനിയന്‍കുഞ്ഞ് -സൂസന്‍ ദമ്പതികളുടെ മകന്‍ ജോയല്‍ (19) റാന്നി സ്വദേശിയായ ഷിബു -സുബി ദമ്പതികളുടെ മകന്‍ ജെയ്‌സ് (15) എന്നിവരാണ് മരിച്ചത്.

മരിച്ചകുട്ടികളുടെ അമ്മമാരായ സൂസനും സുബിയും സഹോദരിമാരാണ്. ഇവര്‍ തിരുവല്ല സ്വദേശികളാണ്. സുബിയുടെയും സൂസന്റെയും സഹോദരന്‍ വിയന്നയിലുണ്ട്. അവധി ആഘോഷിക്കാന്‍ ഞായറാഴ്ചയാണ് സഹോദരന്റെ കുടുംബത്തോടൊപ്പം രണ്ടുപേരുടെയും കുടുംബം വിയന്നയിലെത്തിയത്. ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം. ബോട്ടിങ്ങിനിടെയാണ് അപകടമെന്നാണ് പ്രാഥമിക വിവരം. നീന്തല്‍ അറിയാമായിരുന്നുവെങ്കിലും ഇരുവരും തടാകത്തിലെ ചതുപ്പില്‍ പെട്ടതാകാനാണ് സാധ്യതയെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

വിവരമറിഞ്ഞ് ബോള്‍ട്ടനിലെ മലയാളി സമൂഹം ഇവരുടെ ബന്ധുവായ സോണിയുടെ വീട്ടില്‍ ഒത്തുചേര്‍ന്നു. രാത്രി പ്രത്യേക പ്രാര്‍ഥനയും വീട്ടില്‍ നടത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങള്‍ എത്രയും വേഗം ബോള്‍ട്ടനില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന് കുടുംബാംഗങ്ങളെ സഹായിക്കാന്‍ ബന്ധുവായ സോണിയുള്‍പ്പെടെ നാലുപേര്‍ വിയന്നയിലേക്ക് പുറപ്പെട്ടു.

Two drown to death, World, Obituary, news, London, Drowned.