പ്രളയത്തില്‍ നിലച്ച ട്രെയിന്‍ ഗതാഗതം നാളെ മുതല്‍ പുന:സ്ഥാപിക്കുമെന്ന് റെയില്‍വേ


തിരുവനന്തപുരം: ഓഗസ്റ്റ് 18.2018. കേരളത്തിലെ കടുത്ത പ്രളയത്തില്‍ നിർത്തിവെച്ച ട്രെയിന്‍ ഗതാഗതം നാളെ രാവിലെ ആറുമണി മുതല്‍ പുന:സ്ഥാപിക്കുമെന്ന് റെയില്‍വേ അറിയിച്ചു. എറണാകുളം - കോട്ടയം-തിരുവനന്തപുരം റൂട്ടിലാണ് രാവിലെ ആറുമുതല്‍ ഗതാഗതം പുന:സ്ഥാപിക്കുന്നത്. ഇതിന് മുന്നോടിയായി ഇന്ന് വൈകിട്ട് ആറുമുതല്‍ ട്രെയല്‍ റണ്‍ തുടങ്ങിയിരുന്നു.  എറണാകുളം - ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ ഞായറാഴ്ച വൈകിട്ട് നാലുവരെയാണ് ഗതാഗത നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ സ്ഥിതി വിലയിരുത്താന്‍ രണ്ട് ഡിവിഷണല്‍ മാനേജര്‍മാരുമായി ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് സര്‍വ്വീസ് പുന:സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായത്.

വെള്ളക്കെട്ട് കാരണം കായംകുളത്ത് നിന്ന് കോട്ടയം വഴി എറണാകുളം വരെയുള്ള റെയില്‍പാതയില്‍ പലയിടത്തും മരങ്ങള്‍ വീണും ചെങ്ങന്നൂരില്‍ ട്രാക്ക് മുങ്ങിയും ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരുന്നു.  അതിനാല്‍ വ്യാഴാഴ്ചയാണ് ട്രെയിന്‍ ഗതാഗതം നിലച്ചത്. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്ക് മാത്രമം സര്‍വ്വീസ് ഉണ്ടായിരുന്നു. ശനിയാഴ്ച നടത്തിയ ട്രാക്ക് പരിശോധനയില്‍ റെയില്‍ ട്രാക്കുകള്‍ക്ക് കാര്യമായസ്ഥാനഭ്രംശമൊന്നും ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തി.

എന്നാല്‍ ഷൊര്‍ണ്ണൂര്‍- എറണാകുളം റീച്ചില്‍ സര്‍വ്വീസ് ഇനിയും പുനരാരംഭി ക്കാനായില്ല. ആലുവയിലും ചാലക്കുടിയിലും ട്രാക്ക് പൂര്‍ണ്ണമായും മുങ്ങിയതാണ് വ്യാഴാഴ്ച മുതല്‍ ഗതാഗതം സ്തംഭിച്ചത്. ശനിയാഴ്ച വെള്ളമിറങ്ങി ട്രാക്കുകള്‍ കാണാനാകുന്ന അവസ്ഥയിലെത്തിയെങ്കിലും പലയിടത്തും ട്രാക്കിനടിയിലെ കല്ലുകള്‍ ഇളകിപോയതിനാല്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ സമയമെടുക്കുമെന്നാണ് വിലയിരുത്തല്‍. നാളെ വൈകിട്ട് നാലുമണിവരെയാണ് ഷൊര്‍ണ്ണൂര്‍ - എറണാകുളം റൂട്ടില്‍ ഗതാഗത നിരോധനം. വൈകുന്നേരം നാലു മണിക്കുള്ളിൽ പണി പൂര്‍ത്തിയാകുകയാണെങ്കില്‍ തിങ്കളാഴ്ച മുതല്‍ സര്‍വ്വീസ് പുനരാരംഭിക്കും.

Kerala, news, Train service, Railway, train service will re start tomorrow.