മഞ്ചേശ്വരം താലൂക്കിന്റെ പേര് മാറ്റം; താലൂക്ക് ഓഫീസ് ധര്‍ണ്ണയും ഒപ്പ് ശേഖരണവും നടത്തുംകുമ്പള: ഓഗസ്റ്റ് 29.2018. മഞ്ചേശ്വരം താലൂക്കിന്റെ പേര് മാറ്റി തുളുനാട് താലൂക്ക് എന്നാക്കാനുള്ള ഭരണകൂട നീക്കങ്ങൾക്കെതിരെ  ശനിയാഴ്ച താലൂക്ക് ഓഫീസിന് മുന്നിൽ ധർണയും  പഞ്ചായത്ത് ഓഫീസ് ആസ്ഥാനങ്ങളിൽ  ഒപ്പ് ശേഖരണവും  നടത്തുമെന്ന് മഞ്ചേശ്വരം താലൂക്ക്  ഭരണഭാഷ  വികസന സമിതി  വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

തുളു അക്കാദമിയുടെ നേതൃത്വത്തിൽ മാസങ്ങൾക്ക് മുമ്പ് മഞ്ചേശ്വരം താലൂക്കിന് തുളുനാട് എന്ന് പേരിടണമെന്ന ആവശ്യം ഉന്നയിച്ച് റവന്യൂ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. തതടിസ്ഥാനത്തിൽ മന്ത്രി ഇതുമായുള്ള  തുടർ നടപടികൾക്ക് റവന്യൂ സെക്രട്ടറിക്ക്  നിവേദനം  കൈമാറിയിരുന്നുവത്രെ. ഈ  നിവേദനത്തെപ്പറ്റി ചർച്ച  ചെയ്യുന്നതിനും പഠിക്കുന്നതിനും ആഗസ്ത് 18 ന് മഞ്ചേശ്വരം  താലൂക്ക് ആസ്ഥാനത്ത് ഒരു മീറ്റിങ്ങ് സംഘടിപ്പിച്ചിരുന്നു. ഈ മീറ്റിങ് സംസ്ഥാനത്തെ  പ്രളയത്തെത്തുടർന്ന് ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഭാരവാഹികൾ  പറഞ്ഞു. 

58 ശതമാനം മലയാളികൾ താമസിക്കുന്ന താലൂക്കിൽ ഭാഷാടിസ്ഥാനത്തിൽ താലൂക്കിന് പേര് നൽകുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സമിതിയുടെ വിലയിരുത്തൽ. നേരത്തെ സമിതി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ താലൂക്കിലെ 53 സ്കൂളുകളിൽ മലയാളം ഭാഷ പഠിപ്പിക്കുന്നില്ലെന്ന് ബോധ്യമായി. പത്തു വിദ്യാർത്ഥികളെങ്കിലും പഠിക്കാൻ തയ്യാറുണ്ടെങ്കിൽ സ്കൂളിൽ മലയാളം ഭാഷ പഠിപ്പിക്കാതിരിക്കുന്നത് കെ ഇ ആർ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ഇത് ചൂണ്ടിക്കാട്ടി ഭാഷാ വികസന സമിതി 2017ൽ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകുകയും മഞ്ചേശ്വരം എ ഇ ,ഒ ഓഫീസിന് മുന്നിൽ ധർണ നടത്തുകയും ചെയ്തു. 

തുടർന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഒരു സംഘത്തെ നിയോഗിച്ച് പഠിപ്പിക്കാതിരുന്നാലുള്ള ഭവിഷ്യത്തുകൾ പ്രധാനാധ്യാപകരെ ബോധ്യപ്പെടുത്തി. എന്നിട്ടും ഭാഷാ പ0നത്തിൽ ഒരു പുരോഗതിയും ഉണ്ടായില്ലെന്ന് സമിതി കുറ്റപ്പെടുത്തി.

മംഗൽപാടി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾ കന്നട അധ്യാപകരെ അനുവദിച്ചു കിട്ടുന്നതിന് നടത്തുന്ന സമരത്തിന് സമിതി പിന്തുണ പ്രഖ്യാപിച്ചു.

വാർത്ത സമ്മേളനത്തിൽ  പ്രസിഡൻറ് എം കെ അലി മാസ്റ്റർ, വൈസ് പ്രസിഡന്റുമാരായ റഹ്മാൻ മാസ്റ്റർ, അബ്ബാസ് ഓണന്ത, മഹമൂദ് കൈക്കമ്പ, ഹമീദ് കോസ്‌മോസ് എന്നിവർ സംബന്ധിച്ചു.

Kumbla, Kasaragod, Kerala, news, Talukk, Dharna, Talukk name issue; Dharna on Saturday.