പതിനാറുകാരൻറെ കൊലയിൽ കലാശിച്ചത് പ്രാതൽ ഇടവേളയിൽ സുഹൃത്തുക്കൾ തമ്മിലുടലെടുത്ത വാക്ക് തർക്കമെന്ന് സംശയം; മൃതദേഹം വിദഗ്ദ്ധ പോസ്റ്റ് മോർട്ടത്തിനായി പരിയാരത്തേക്കയക്കും


ബന്തിയോട് ഓഗസ്റ്റ് 05-2018 • പതിനാറുകാരൻറെ കൊലയിൽ  കലാശിച്ചത് പ്രാതൽ ഇടവേളയിൽ സുഹൃത്തുക്കൾ തമ്മിലുടലെടുത്ത വാക്ക് തർക്കമെന്ന് സംശയം. ബന്തിയോട് അടുക്ക സ്വദേശി യൂസുഫ്  - ഹലീമ ദമ്പതികളുടെ മകന്‍ മുഹമ്മദ് മിദ് ലാജ് (16) ആണ് സഹപാഠിയുടെ കുത്തേറ്റ് മരിച്ചത്. 

കഴിഞ്ഞ ഒരു വർഷത്തോളമായി ഇരു വിദ്യാർത്ഥികളും ബന്തിയോട്ടെ മഖ്‌ദൂമിയ മത പഠന സ്ഥാപനത്തിൽ താമസിച്ച് പഠിച്ച് വരികയായിരുന്നു. ഞായറാഴ്ച രാവിലെ 8.45 മണിയോടെ പ്രാതൽ ഇടവേളയിൽ കൊല്ലപ്പെട്ട മിദ് ലാജ്ജും സഹപാഠിയും വാക്ക് തർക്കത്തിലേർപ്പെടുകയും, ഇതിനിടെ പ്രകോപിതനായ സഹപാഠിയായ വിദ്യാർത്ഥി മിദ്‌ലാജിന്റെ കൈവശം ഉണ്ടായിരുന്ന കത്രിക പിടിച്ച് വാങ്ങുകയും മിദ്‌ലാജിന് നേരെ പ്രയോഗിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പ്രഹരം നെഞ്ചിൽ തന്നെയേറ്റതാണ് മരണത്തിനിടയാക്കിയത്. എന്നാൽ വാക്കു തർക്കത്തിന്റെ കാരണം വ്യക്തമല്ല.

സംഭവത്തിൽ കർണാടക സ്വദേശിയായ സഹപാഠിയെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം മാത്രമേ യഥാർത്ഥ കാരണം മനസ്സിലാവുകയുള്ളൂവെന്ന് കുമ്പള സി ഐ പ്രേംസദൻ കുമ്പള വാർത്തയോട് പറഞ്ഞു.

ഈ സംഭവം നാടിനെയൊന്നാകെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. നിരവധി ആളുകളാണ് മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറി പരിസരത്ത് തടിച്ചു കുടിയിരിക്കുന്നത്. മൃതദേഹം വിദഗ്ദ്ധ പോസ്റ്റ് മോർട്ടത്തിനായി പരിയാരത്തേക്കയക്കും. കുമ്പള സി ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു.