കാലവർഷം: ഇക്കൊല്ലത്തെ എസ്.എസ്. എൽ. സി പരീക്ഷകൾ നീട്ടിയേക്കും


തിരുവനന്തപുരം ആഗസ്റ്റ് 01-2018 • കാലവര്‍ഷക്കെടുതിയില്‍ തുടര്‍ച്ചയായി അധ്യയന ദിനങ്ങള്‍ മുടങ്ങിയതും നിപാ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്തെ ചില സ്‌കൂളുകള്‍ തുറക്കാന്‍ വൈകിയതും കണക്കിലെടുത്ത് ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാർച്ച് അവസാനവാരത്തിൽ ആരംഭിച്ച് ഏപ്രിൽ ആദ്യവാരം അവസാനിക്കും വിധം പരീക്ഷകൾ നീട്ടിയേക്കും. ഇതു സംബന്ധിച്ച ശുപാര്‍ശ വ്യാഴാഴ്ച ചേരുന്ന ക്യു.ഐ.പി യോഗത്തില്‍ ചര്‍ച്ച ചെയ്യും. കാലവര്‍ഷക്കെടുതി തുടരുന്നതിനാല്‍ സ്‌കൂള്‍ കലോത്സവം, കായികമേള എന്നിവയുടെ തീയതികളിലും മാറ്റം വേണമോയെന്നും യോഗം ചര്‍ച്ച ചെയ്യും.

അധ്യയന വര്‍ഷത്തില്‍ കുറഞ്ഞത് 200 പ്രവൃത്തി ദിനം ഉറപ്പാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് തന്നെ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, നിപാ വൈറസ് ബാധയെ തുടര്‍ന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലയിലും തലശേരി വിദ്യാഭ്യാസ ജില്ലയിലും സ്‌കൂള്‍ തുറന്നത് രണ്ടാഴ്ചയോളം വൈകിയാണ്. കാലവര്‍ഷം അതിരൂക്ഷമായി ഇപ്പോഴും തുടരുന്നതിനാല്‍ മിക്ക ജില്ലകളിലും നിരവധി പ്രവൃത്തി ദിനങ്ങള്‍ നഷ്ടപ്പെട്ടു. കുട്ടനാട്ടിലും കോട്ടയത്തും പല സ്‌കൂളുകളും ഇപ്പോഴും വെള്ളത്തിലാണ്. നിരവധി സ്‌കൂളുകള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളായി മാറിയതിനാല്‍ ക്ലാസുകള്‍ നടക്കുന്നില്ല. ഈ സാഹചര്യത്തിലാണ് എസ്.എസ്.എല്‍.സി പരീക്ഷ പുനഃക്രമീകരിക്കാന്‍ ആലോചിക്കുന്നത്.
sslc-examination-2018