ജൈവ ഇന്ധനമുപയോഗിച്ച് രാജ്യത്തെ ആദ്യ വിമാനം പറപ്പിക്കാന്‍ ബജറ്റ് എയര്‍ലൈന്‍ സ്‌പൈസ് ജെറ്റ്


ന്യൂ ഡെൽഹി: ഓഗസ്റ്റ് 26.2018. ജൈവ ഇന്ധനമുപയോഗിച്ച് രാജ്യത്തെ ആദ്യ വിമാനം പറപ്പിക്കാന്‍ ബജറ്റ് എയര്‍ലൈന്‍ സ്‌പൈസ് ജെറ്റ് ഒരുങ്ങുന്നു. ഡെറാഡൂണില്‍ നിന്ന് ഡെല്‍ഹിയിലേക്കായിരിക്കും വിമാനം പ്രവര്‍ത്തിപ്പിക്കുക.
ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ കേന്ദ്രമന്ത്രിമാരും സ്‌പൈസ് ജെറ്റ് ഉന്നത വൃത്തങ്ങളും വിമാനത്തെ സ്വീകരിക്കും.

സ്‌പൈസ് ജെറ്റിന്റെ ക്യു400 ടര്‍ബോപ്രോപ്പ് വിമാനത്തിന്റെ ഒരു ടര്‍ബൈന്‍ എന്‍ജിനാണ് ജൈവ ഇന്ധനമുപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുക. പരീക്ഷണപ്പറക്കല്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരിക്കും.

നിലവില്‍ ജൈവ ഇന്ധനമുപയോഗിച്ച് കാനഡയില്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. എയര്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ (എ.ടി.എഫ്) വില വര്‍ദ്ധന ആഭ്യന്തര വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് ഈ പരീക്ഷണം നടത്തുന്നത്. ഗ്യാസ് ടര്‍ബൈന്‍ എന്‍ജിനുകള്‍ ഉപയോഗിക്കുന്ന വിമാനങ്ങളിലാണ് എ.ടി.എഫ് ഉപയോഗിക്കുന്നത്. സ്പൈസ്ജെറ്റ് വിമാനത്തിനുള്ള ജൈവ ഇന്ധനങ്ങൾ ഡെറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയമാണ് വികസിപ്പിച്ചിരിക്കുന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ഇന്ധനം പരിശോധിച്ചു.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ പ്രമുഖ വിമാനക്കമ്പനികളുടെ ആഭ്യന്തര സര്‍വീസുകള്‍ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇന്ധനം വാങ്ങാനാണ് ആഭ്യന്തര വിമാനസര്‍വീസുകളുടെ ചിലവിന്റെ അമ്പതു ശതമാനത്തോളം ഉപയോഗിക്കുന്നത്.

ഇന്ധന ഇറക്കുമതിയെ ആശ്രയിക്കാതെ ഗതാഗതം ലാഭകരമാക്കുക എന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന് അനുകൂലമായ തീരുമാനമാണ് ജെറ്റ് എയര്‍വേയ്‌സിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. വിമാനയാത്രയുടെ വിജയം ഇന്ത്യക്ക് ഈ രംഗത്ത് കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്നാണ് കരുതുന്നത്.

spice jet to test india s first plane powered by biofuel on monday, news, ദേശീയം, Spice jet, New Delhi.